/indian-express-malayalam/media/media_files/uploads/2017/03/arun-jaitley1.jpg)
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി മാന നഷ്ട കേസ് ഫയൽ ചെയ്തു. കോടതി നടപടികൾക്കിടെ അരവിന്ദ് കേജ്‌രിവാളിന്റെ അഭിഭാഷകനായ രാംജത് മലാനി കേന്ദ്രമന്ത്രിയെ വഞ്ചകൻ എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹി കോടതിയിലാണ് 10 കോടി രൂപയുടെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ബുധാനഴ്ച ജോയിന്റ് റജിസ്ട്രാർ ദീപാലി ശർമ്മയ്‌ക്ക് മുപാകെ ഹാജരായപ്പോഴാണ് കേന്ദ്രമന്ത്രി ഇത് സംബന്ധിച്ച് രാംജത് മലാനിയോട് ചോദിച്ചത്. "വഞ്ചകൻ" എന്ന വിശേഷണം അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ട് ഉന്നയിച്ചതാണോയെന്നാണ് അദ്ദേഹം ചോദിച്ചത്. വ്യക്തിപരമായ അധിക്ഷേപത്തിന് അരവിന്ദ് കേജ്‌രിവാളിനെതിരെ കേസ് കൊടുക്കുമെന്ന് അരുൺ ജയ്റ്റ്‌ലി അന്ന് തന്നെ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച ജയ്റ്റ്‌ലിക്ക് വേണ്ടി ഹാജരായ രാജീവ് നായർ, സന്ദീപ് സേതി എന്നീ അഭിഭാഷകരും ഈ വാക്ക് അരവിന്ദ് കേജ്‌രിവാളിന്റെ നിർദ്ദേശ പ്രകാരം ഉന്നയിച്ചതാണോയെന്ന് കോടതിയിൽ ആരാഞ്ഞിരുന്നു. വ്യക്തിപരമായ അധിക്ഷേപത്തിന് കേസ് കൊടുക്കാനാണെന്നായിരുന്നു ഇവർ കോടതിയിൽ വ്യക്തമാക്കിയത്.
രാംജത് മലാനി സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിച്ച വാക്കാണെങ്കിൽ അദ്ദേഹത്തിനെതിരെ ബാർ കൗൺസിലിനെ സമീപിക്കുമെന്നും അരവിന്ദ് കേജ്‌രിവാളിന്റെ നിർദ്ദേശ പ്രകാരം ആണെങ്കിൽ പത്ത് കോടിയുടെ മാന നഷ്ടക്കേസ് കൊടുക്കുമെന്നും ആണ് അഭിഭാഷകർ വ്യക്തമാക്കിയത്.
അരുൺ ജയ്റ്റ്‌ലിയുടെ ഭാര്യയും മകളും വ്യാജ കമ്പനികളുമായി ബന്ധമുള്ളവരാണെന്ന് ആരോപിച്ചതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ആംആദ്മി പാർട്ടി നേതാക്കളായ കുമാർ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, ദീപക് ബജ്പൈ, രാഘവ് ഛദ്ദ എന്നിവരും മാന നഷ്ടകേസ് നേരിടുകയാണ്.
1999 മുതൽ 2013 വരെ അരുൺ ജയ്റ്റ്‌ലി ഡൽഹി ജില്ല ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റായിരുന്നപ്പോൾ അഴിമതി നടത്തിയെന്ന ആരോപണവും ആംആദ്മി പാർട്ടി അംഗങ്ങൾ ഉന്നയിച്ചിരുന്നു. തെറ്റായ ആരോപണങ്ങളിലൂടെ തന്നെ താഴ്ത്തിക്കെട്ടാനുള്ള ശ്രമമാണ് അരവിന്ദ് കേജ്‌രിവാൾ നടത്തുന്നതെന്നും അരുൺ ജയ്റ്റ്‌ലി ആരോപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.