ന്യൂഡല്‍ഹി: ബിബിസി ഓഫിസുകളില്‍ ആദായനികുതി വകുപ്പ് സര്‍വേ നടത്തിയ സംഭവം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ നിലവിലെ നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായും പാലിക്കണമെന്ന് എസ് ജയശങ്കര്‍ മറുപടി പറഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ആദായനികുതി അധികൃതരുടെ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ഇന്ത്യയിലെ ബിബിസി ഓഫീസുകള്‍ സര്‍വേ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നത് സര്‍ക്കാര്‍ തടഞ്ഞതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി.
പരിശോധനയില്‍ ഇന്ത്യയിലെ ബിബിസിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചത്. വിവിധ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ കാണിക്കുന്ന വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ തോതിന് ആനുപാതികമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സര്‍വേയില്‍ ജീവനക്കാരുടെ മൊഴി, ഡിജിറ്റല്‍ തെളിവുകള്‍, രേഖകള്‍ എന്നിവ മുഖേന നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതായും അടികൃതര്‍ അറിയിച്ചിരുന്നു. ബിബിസി സ്ഥാപനങ്ങള്‍ കാണിക്കുന്ന വരുമാനം/ലാഭം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ സ്‌കെയിലിന് ആനുപാതികമല്ല’ എന്ന് അഭ്യാസം വെളിപ്പെടുത്തിയതായി ഐടി സര്‍വേകളെക്കുറിച്ചുള്ള ഔദ്യോഗിക പ്രസ്താവനയില്‍ കേന്ദ്ര ധനമന്ത്രാലയം പറഞ്ഞിരുന്നു.
ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ഇന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തിയത്. ബിബിസിയുടെ ന്യൂഡല്‍ഹിയിലേയും മുംബൈയിലെയും ബിബിസി ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് അധികൃതര്‍ കഴിഞ്ഞമാസം പരിശോധന നടത്തിയത്.
യുകെയിലെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയുമായി കൂടിക്കാഴ്ച നടന്നന്നെന്നും തങ്ങളുടെ അവസാന ചര്‍ച്ച മുതല്‍ ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തിലെ പുരോഗതി അവലോകനം ചെയ്തു. യംഗ് പ്രൊഫഷണല്‍ സ്‌കീമിന്റെ ആരംഭം,ആഗോള സാഹചര്യത്തെ കുറിച്ചും ജി20 അജണ്ടയെക്കുറിച്ചും ചര്‍ച്ചയില്‍ കാഴ്ചപ്പാടുകള്‍ കൈമാറിയതായും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.