വാഷിംഗ്‌ടൺ: ഇന്ത്യ- യുഎസ് 2+2 മന്ത്രിതല യോഗത്തിൽ മനുഷ്യാവകാശ പ്രശ്‌നം ചർച്ച ചെയ്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചർച്ച നടന്നാൽ അത് തുറന്ന് പറയാൻ മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
“ഈ യോഗത്തിൽ ഞങ്ങൾ മനുഷ്യാവകാശങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്തിട്ടില്ല. രാഷ്ട്രീയ-സൈനിക കാര്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ,” പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനൊപ്പം ഇന്ത്യ-യുഎസ് 2+2 മന്ത്രിതല യോഗത്തിൽ പങ്കെടുത്ത ശേഷം ജയശങ്കർ പറഞ്ഞു.
സർക്കാരുകൾ, പൊലീസ്, ജയിൽ ഉദ്യോഗസ്ഥർ എന്നിവർ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ സമീപകാല “സംഭവവികാസങ്ങൾ” യുഎസ് നിരീക്ഷിക്കുന്നുണ്ടെന്ന് തിങ്കളാഴ്ച സംയുക്ത വാർത്താ സമ്മേളനത്തിൽ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞിരുന്നു. 2+2 യോഗത്തിന് ശേഷമുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ ബ്ലിങ്കെൻ, ജയശങ്കർ, രാജ്‌നാഥ് സിംഗ്, യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ യോഗത്തിൽ മനുഷ്യാവകാശ പ്രശ്‌നം ചർച്ച ചെയ്തിട്ടില്ലെങ്കിലും മുമ്പും ഇത് ഉയർന്നുവന്നിട്ടുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞു.
“ഇത് പണ്ട് വന്ന ഒരു വിഷയമാണ്. സെക്രട്ടറി ബ്ലിങ്കെൻ ഇന്ത്യയിൽ വന്നപ്പോൾ അത് സംസാരിച്ചിരുന്നു. അതിനു ശേഷമുള്ള പത്രസമ്മേളനങ്ങൾ നിങ്ങൾ ഓർക്കുന്നുണ്ടെങ്കിൽ, ഞങ്ങൾ അതിനെക്കുറിച്ച് ചർച്ച ചെയ്‌തെന്ന് പറയുകയും എനിക്ക് പറയാനുള്ളത് വളരെ തുറന്ന് പറഞ്ഞതായും ഞാൻ കരുതുന്നു, ”അദ്ദേഹം പറഞ്ഞു.
“ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് എന്താണെന്ന് ഞാൻ വ്യക്തമാക്കട്ടെ,” അദ്ദേഹം കൂട്ടിച്ചേർത്തു.
“നോക്കൂ, ജനങ്ങൾക്ക് നമ്മളെ കുറിച്ച് ഓരോ കാഴ്ചപ്പാടുണ്ടാകാൻ അർഹതയുണ്ട്. എന്നാൽ അവരുടെ കാഴ്ചപ്പാടുകളെക്കുറിച്ചും താൽപ്പര്യങ്ങളെക്കുറിച്ചും അതിലേക്ക് നയിക്കുന്ന ലോബികളെക്കുറിച്ചും വോട്ടുബാങ്കുകളെക്കുറിച്ചും കാഴ്ചപ്പാടുകൾ ഉണ്ടാകാൻ ഞങ്ങൾക്കും തുല്യ അവകാശമുണ്ട്. അതുകൊണ്ട് തന്നെ അങ്ങനെ ഒരു ചർച്ച നടക്കുമ്പോൾ അത് പറയാൻ ഞങ്ങൾ മടി കാണിക്കില്ലെന്ന് എനിക്ക് പറയാൻ കഴിയും, ”അദ്ദേഹം പറഞ്ഞു.
“അമേരിക്കയിലേത് ഉൾപ്പെടെ മറ്റിടങ്ങളിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾക്കും കാഴ്ചപ്പാടുകൾ ഉണ്ട്. അതുകൊണ്ട് ഇവിടങ്ങളിൽ ഏതെങ്കിലും മനുഷ്യാവകാശ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, പ്രത്യകിച്ച് അവ ഞങ്ങളുടെ ജനങ്ങളെ ബാധിക്കുന്നത് ആണെങ്കിൽ ഞങ്ങൾ ഏറ്റെടുക്കും. അതാണ് ഞങ്ങളുടെ നിലപാട്,” അദ്ദേഹം പറഞ്ഞു.
Also Read: ലങ്കയ്ക്ക് കൂടുതൽ സഹായം വേണം, 200 കോടി കൂടി നൽകാൻ ഇന്ത്യ