ന്യൂഡല്‍ഹി: ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസറിന്റെ വൃക്കകള്‍ തകരാറിലാണെന്നും, അസര്‍ റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ ദിവസേന ഡയാലിസിസ് നടത്തി വരികയാണെന്നും പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ സ്ഥീരികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മസൂദ് വീട്ടില്‍ നിന്നും പുറത്തുപോകാന്‍ പോലും സാധിക്കാത്ത വിധത്തില്‍ രോഗിയാണെന്ന് കഴിഞ്ഞദിവസം പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചിരുന്നു. അസര്‍ പാക്കിസ്ഥാനില്‍ ഉണ്ടെന്ന വാര്‍ത്തയും ഖുറേഷി സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യയില്‍ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ തലവനാണ് മസൂദ് അസര്‍. കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ കവര്‍ന്ന ആക്രമണത്തിനു പിന്നിലും ഈ സംഘടനയാണ്. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ നിരന്തര ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ചൈനയാണ് ഇതിനെ എതിര്‍ക്കുന്നത്.

ഒസാമ ബിന്‍ലാദനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് അസര്‍. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അസറിന്റേയും ഒസാമയുടേയും സഹായം ഉണ്ടായിട്ടുണ്ട്. 1999 ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയപ്പോള്‍ ബന്ധികളായവരെ മോചിപ്പിക്കാനായി ഇന്ത്യന്‍ ഗവണ്മെന്റ് മോചിപ്പിച്ചവരില്‍ ഒരാള്‍ അസര്‍ ആയിരുന്നു.

പത്താൻകോട്ട് ആക്രമണത്തെത്തുടർന്ന് അതിന്റെ സൂത്രധാരനെന്നു കരുതുന്ന അസറിനെതിരെ ഇന്ത്യയുടെ ദേശീയ ഏജൻസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ അസറിനെ ഒരു ഭീകരവാദിയായി പ്രഖ്യാപിക്കണം എന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടതിനെ ചൈന എതിർക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook