ഭീകരൻ മസൂദ് അസര്‍ രോഗി; വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും വയ്യെന്ന് പാക് വിദേശകാര്യ മന്ത്രി

അസറിനെതിരെ ശക്തമായ തെളിവുകളുണ്ടെങ്കില്‍ പാക്കിസ്ഥാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഖുറേഷി വ്യക്തമാക്കി.

masood azhar, masood azhar pulwama, pulwama terror attack, pulwama attack azhar, jem masood azhar, jem azhar listing, global terrorist masood azhar, mea, mea india

ന്യൂഡല്‍ഹി: ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസര്‍ പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിയുടെ സ്ഥിരീകരണം. എന്നാല്‍ അസര്‍ രോഗിയാണെന്നും അദ്ദേഹത്തിന് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നും ഖുറേഷി പറഞ്ഞു.

‘അസര്‍ പാക്കിസ്ഥാനിലുണ്ട്. എനിക്ക് ലഭിച്ച വിവര പ്രകാരം അദ്ദേഹത്തിന് ഒട്ടും സുഖമില്ല. വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത അത്ര വയ്യ,’ ഖുറേഷി പറഞ്ഞു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യയില്‍ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയുടെ തലവനാണ് മസൂദ് അസര്‍. കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവന്‍ കവര്‍ന്ന ആക്രമണത്തിനു പിന്നിലും ഈ സംഘടനയാണ്. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ നിരന്തര ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ചൈനയാണ് ഇതിനെ എതിര്‍ക്കുന്നത്.

അസറിനെതിരെ ശക്തമായ തെളിവുകളുണ്ടെങ്കില്‍ പാക്കിസ്ഥാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഖുറേഷി വ്യക്തമാക്കി. ‘പാക്കിസ്ഥാന്‍ കോടതിയില്‍ സ്വീകാര്യമായ, ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് ഞങ്ങള്‍ക്ക് കൈമാറുക. എങ്കില്‍ ഇക്കാര്യം ഞങ്ങള്‍ക്ക് ജനങ്ങളേയും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയേയും ബോധ്യപ്പെടുത്താനാകും,’ നിയമ നടപടികളെ തൃപ്തപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വ്യോമ സേന പൈലറ്റ് അഭിനന്ദ് വര്‍ധമാനെ ഇന്ത്യയ്ക്ക് വിട്ടു നല്‍കുന്നത് ഒരു സമാധാന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ന് വാഗാ ബോര്‍ഡറില്‍ എത്തും.

മുംബൈ ഭീകരാക്രമണത്തിന് ശേഷം 2008-2009 കാലയളവ് മുതല്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഫ്രാന്‍സ്, യുഎസ്, യുകെ തുടങ്ങിയ ലോകരാജ്യങ്ങളും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭാ കൗണ്‍സിലില്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jaish chief masood azhar is in pakistan admits foreign minister qureshi says hes too unwell to leave house

The moderation of comments is automated and not cleared manually by malayalam.indianexpress.com