ഷിംല : അഞ്ചാം തവണ എംഎല്‍എ സ്ഥാനത്തേക്കെത്തുന്ന ജയ്റാം താക്കുറിനെ ബിജെപി ഷിംല മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. വെള്ളിയാഴ്ചയാകും പ്രഖ്യാപനം വരും. സെരാജ് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജയ്റാമിന് പുറമേ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെപി നഡയുടെ പേരും ആദ്യഘട്ടത്തില്‍ പറഞ്ഞുകേട്ടിരുന്നു എങ്കിലും പാര്‍ട്ടി ഒരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്. സുജന്‍പൂരില്‍ മണ്ഡലത്തില്‍ മത്സരിച്ച മുതിര്‍ന്ന നേതാവ് പ്രേംകുമാര്‍ ധുമാല്‍ കോണ്‍ഗ്രസ് നേതാവ് രജീന്ദര്‍ രാണയോട് 2,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടതാണ് കാര്യങ്ങള്‍ ജയറാം താക്കുറിന് അനുകൂലമാക്കിയത്.

പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അയ്യര്‍, നഗര വികസന മന്ത്രി നരീന്ദര്‍ സിങ് തോമാര്‍ എന്നിവര്‍ വ്യാഴാഴ്ച ഷിംലയില്‍ എത്തിച്ചേരും എന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും എന്നുമാണ് ബിജെപിയില്‍ നിന്നും ലഭിക്കുന്ന വിവരം. കേന്ദ്രനേതൃത്വം താക്കുറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് കഴിഞ്ഞുവെന്നും വെള്ളിയാഴ്ച തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയുന്നു.

നിര്‍മലാ സീതാരാമനും തോമാറിനും പുറമേ നഡാ, ധുമാല്‍, ശാന്ത കുമാര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സത്പല്‍ സട്ടിയും യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്ന മംഗല്‍ പാണ്ഡെയേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ” പാര്‍ട്ടിയുടെ എംഎല്‍എ മാരുമായി കൂടിയാലോചിച്ച ശേഷമാകും തീരുമാനം ഉണ്ടാവുക” എന്നാണ് മംഗല്‍ പാണ്ഡെ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട്‌ പറഞ്ഞത്.

ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രമന്ത്രി ജെപി നഡായുടെ പേര് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്നതില്‍ കേന്ദ്രനേതൃത്വത്തിനുള്ള അഭിപ്രായവ്യത്യാസമാണ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥിയെ തന്നെ മുഖ്യമന്ത്രിയാക്കാം എന്ന തീരുമാനത്തില്‍ പാര്‍ട്ടി എത്തിച്ചേരുന്നത്.

മുന്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രി കൂടിയായിരുന്ന ജയ്റാം താക്കുര്‍ ബിജെപിയിലെ ‘സൗമ്യനായാണ്‌’ അറിയപ്പെടുന്നത്. ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ള ജയറാം സിങ് ജമ്മുവില്‍ മുഴുവന്‍ സമയ എബിവിപി പ്രവര്‍ത്തകനായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ