scorecardresearch
Latest News

താജ്മഹൽ ഭൂമിയിൽ അവകാശ വാദം ഉന്നയിച്ച് മുൻ ജയ്പൂർ രാജകുടുംബത്തിലെ അംഗം

സ്ഥലം രാജകുടുംബത്തിന് ചരിത്രപരമായി അവകാശപ്പെട്ടതാണെന്ന് ബിജെപി ലോക്‌സഭാ എംപി കൂടിയായ രാജകുടുംബാംഗം പഅവകാശപ്പെട്ടു

താജ്മഹൽ ഭൂമിയിൽ അവകാശ വാദം ഉന്നയിച്ച് മുൻ ജയ്പൂർ രാജകുടുംബത്തിലെ അംഗം

ന്യൂഡൽഹി: താജ്മഹൽ പണിത ഭൂമിയിൽ ജയ്പൂർ രാജകുടുംബത്തിന്റെ കൊട്ടാരം നിലനിന്നിരുന്നുവെന്നും സ്ഥലം രാജകുടുംബത്തിന് ചരിത്രപരമായി അവകാശപ്പെട്ടതാണെന്നും മുൻ ജയ്പൂർ രാജകുടുംബത്തിലെ അംഗം കൂടിയായ രാജസ്ഥാനിലെ രാജ്സമന്ദ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി ലോക്‌സഭാ എംപി ദിയാ കുമാരി അവകാശപ്പെട്ടു. കുടുംബത്തിന്റെ പക്കൽ ഇതിന് രേഖകൾ ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

താജ്മഹൽ പണിത ഭൂമിയിലാണ് രാജകുടുംബത്തിന്റെ കൊട്ടാരം നിലകൊള്ളുന്നതെന്നും മുഗൾ ചക്രവർത്തി ഷാജഹാൻ അത് കൈവശപ്പെടുത്തിയെന്നും ബുധനാഴ്ച ജയ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കുമാരി പറഞ്ഞു. “അത് അവരുടെ (മുഗൾ) സർക്കാരായിരുന്നു. ഇന്നും നിങ്ങളിൽ നിന്ന് ഒരു സർക്കാർ ഭൂമി ഏറ്റെടുത്താൽ നഷ്ടപരിഹാരം തരും. അന്ന് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നാണ് കേട്ടത്. എന്നാൽ അപ്പീൽ നൽകാവുന്ന ഒരു നിയമവും അന്ന് ഉണ്ടായിരുന്നില്ല. ഇത് തീർച്ചയായും രാജകുടുംബത്തിന്റെ ഭൂമിയായിരുന്നു, ”അവർ പറഞ്ഞു.

“ആരെങ്കിലും ശബ്ദം ഉയർത്തി ഒരു ഹർജി നൽകിയത് നല്ല കാര്യമാണ്. എന്തെങ്കിലും രേഖകളോ മറ്റെന്തെങ്കിലുമോ ആവശ്യമുണ്ടെങ്കിൽ, കോടതി ഉത്തരവിട്ടാൽ ഞങ്ങൾ രേഖകൾ നൽകും,” എന്ന് അലഹബാദ് ഹൈക്കോടതിയിലെ കേസ് പരാമർശിച്ചുകൊണ്ട് അവർ പറഞ്ഞു.

താജ്മഹൽ പരിസരത്തെ 20-ലധികം മുറികളുടെ അടച്ചിട്ട വാതിലുകൾ തുറക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ) നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ അയോധ്യ യൂണിറ്റിന്റെ മാധ്യമ ചുമതലയുള്ള ഡോ രജനീഷ് സിംഗ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹിന്ദു വിഗ്രഹങ്ങളുടെയോ ഗ്രന്ഥങ്ങളുടെയോ സാന്നിധ്യം ആ മുറികളിലുണ്ടെന്ന് സിംഗ് അവകാശപ്പെടുന്നു. മെയ് 12 വ്യാഴാഴ്ച കേസ് പരിഗണിക്കും.

അതേ സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടോ എന്ന ചോദ്യത്തിന്, താൻ രേഖകൾ വിശദമായി പരിശോധിച്ചിട്ടില്ലെന്നും എന്നാൽ സ്വത്ത് തീർച്ചയായും ഞങ്ങളുടേതാണെന്നും കുമാരി പറഞ്ഞു.

ഒരു അന്വേഷണം നടത്തണമെന്നും സീൽ ചെയ്ത ഭാഗങ്ങൾ തുറന്ന് എന്താണ് ഉണ്ടായിരുന്നതെന്നും എന്താണ് ഇല്ലാത്തതെന്നും കണ്ടെത്തണമെന്നും അവർ പറഞ്ഞു. ശരിയായ അന്വേഷണം നടക്കുകയും മുമ്പ് നിലവിലിരുന്ന കാര്യങ്ങളിൽ കോടതി നിർദ്ദേശം നൽകുകയും ചെയ്യുമ്പോൾ വസ്തുതകൾ സ്ഥാപിക്കപ്പെടുമെന്നും അവർ പറഞ്ഞു. കുടുംബം സ്വന്തമായി ഒരു ഹർജി നൽകണമോ എന്നത് പരിശോധിച്ച് വരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jaipur royal family taj mahal land bjp mp diya kumari