ന്യൂഡൽഹി: എല്ലാ ദിവസവും നിർബന്ധമായും ദേശീയഗാനം ആലപിക്കണമെന്ന് ജയ്പുർ മുൻസിപ്പൽ കോർപറേഷന്റെ ഉത്തരവ്. ദിവസവും രാവിലെ ‘ജനഗണമനയും’ വൈകുന്നേരം ‘വന്ദേമാതരവും’ ആലപിക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇതിന് കഴിയാത്തവർ പാക്കിസ്ഥാനിലേക്ക് പൊയ്ക്കൊള്ളണമെന്നും ജയ്പൂർ മേയർ പറഞ്ഞു.
ജയ്പുർ കോർപറേഷൻ ആസ്ഥാനത്ത് മേയറുടെ നേതൃത്വത്തിൽ ഇന്നു രാവിലെ എല്ലാ ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ദേശീയ ഗാനം ആലപിച്ചു. ജനഗണമന രാവിലെ 9.50നും വന്ദേമാതരം വൈകുന്നേരം 5.55നും ആലപിക്കണമെന്നാണ് ഉത്തരവ്. ദേശീയ ഗാനത്തോടെ ദിവസം ആരംഭിക്കുന്നതും ദേശീയ ഗീതം ആലപിച്ച് ജോലി അവസാനിപ്പിക്കുന്നതും പോസിറ്റീവ് ഊർജം പകരുമെന്നു മേയർ അശോക് ലഹോതി പറഞ്ഞു.
ഉദ്യോഗസ്ഥരുടെ രാജ്യസ്നേഹം വളർത്തുന്നതിനും ജോലിക്ക് നല്ല അന്തരീക്ഷം ഒരുക്കുന്നതിനും ദേശീയ ഗാനലാപനം സഹായിക്കുമെന്നാണ് ജയ്പുർ കോർപറേഷന്റെ വിലയിരുത്തൽ.