ജയ്പൂര്‍: രാജസ്ഥാനിലും ഉത്തർപ്രദേശിലുമായി 30 പേർ ഇടിമിന്നലേറ്റ് മരിച്ചു. രാജസ്ഥാനിൽ ഏഴ് കുട്ടികൾ ഉൾപ്പെടെ 18 പേരും ഉത്തർപ്രദേശിൽ രണ്ട് കൗമാരക്കാര്‍ ഉള്‍പ്പെടെ 12 പേരുമാണ് മരിച്ചത്. രാജസ്ഥാനിൽ ആറ് കുട്ടികൾ ഉൾപ്പെടെ 21 പേർക്കു പരുക്കേറ്റു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
രാജസ്ഥാനിൽ ജയ്പൂര്‍, കോട്ട, ഝലവാർ, ധോൽപുർ ജില്ലകളിലുണ്ടായ വ്യത്യസ്ത സംവങ്ങളിലാണ് 18 പേർ മരിച്ചത്. ജയ്പൂരില്‍ അമേര്‍ കോട്ടയ്ക്കു സമീപം വാച്ച് ടവറിലുണ്ടായിരുന്ന 11 പേരും കോട്ടയിലെ ഗര്‍ഡ ഗ്രാമത്തില്‍ നാലു പേരും മരിച്ചു.
അമേര്‍ കോട്ടയ്ക്കു സമീപം വാച്ച് ടവറിലുണ്ടായിരുന്നവര്‍ക്ക് ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് ഇടിമിന്നലേറ്റത്. പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു. ”11 പേര്‍ മരിക്കുകയും 11-12 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു,” ജയ്പൂര്‍ പൊലീസ് കമ്മിഷണര്‍ ആനന്ദ് ശ്രീവാസ്തവ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
”അമേര്‍ കോട്ടയ്ക്ക് എതിര്‍വശത്തുള്ള കുന്നില്‍ സ്ഥിതിചെയ്യുന്ന വാച്ച് ടവറില്‍ രാത്രി ഏഴരയോടെയാണ് ഇടിമിന്നലേറ്റത്. ഒമ്പത് മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. മരിച്ചവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരാണ്, ”അമേര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശിവനാരായണന്‍ പറഞ്ഞു.
ഇടിമിന്നല്‍ സംഭവിച്ചപ്പോള്‍ ടവറിലുണ്ടായിരുന്നവരിൽ വിനോദസഞ്ചാരികളും പ്രദേശവാസികളും ഉള്‍പ്പെടുന്നതായി എസിപി അമീര്‍ സൗരഭ് തിവാരി പറഞ്ഞു.
Also Read: രാജ്യത്ത് 37,154 പേര്‍ക്ക് കോവിഡ്; 4.5 ലക്ഷം പേര്‍ ചികിത്സയില്‍
ആരോഗ്യമന്ത്രി രഘു ശര്‍മ സംഭവത്തില്‍ പരുക്കേറ്റവരുടെ ചികിത്സ സംബന്ധിച്ച വിവരം അറിയുന്നതിനായി എസ്എംഎസ് ആശുപത്രിയിലെത്തി.
കോട്ടയിലെ ഗര്‍ഡ ഗ്രാമത്തില്‍ മരത്തിനടിയില്‍ അഭയം തേടിയവരാണ് ഇടിമിന്നലേറ്റ് മരിച്ചത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇടിമിന്നല്‍ ദുരന്തത്തില്‍ ജീവവന്‍ നഷ്ടപ്പെട്ട സംഭവങ്ങളില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗവര്‍ണര്‍ കല്‍രാജ് മിശ്ര എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി.
ഉത്തർപ്രദേശിൽ ഫത്തേപുർ, കൗശാംബി, ഫിറോസബാദ് ജില്ലകളിലാണ് ഇടിമിന്നൽ മരണങ്ങളുണ്ടായത്. ഫത്തേപുരിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേരും കൗശാംബിയിൽ നാലും പേരും ഫിറോസാബാദിൽ മൂന്നു പേരും മരിച്ചു.