ജയ്‌പൂര്‍: ഇതര മതസ്ഥരായ യുവാവിനും യുവതിക്കും മുറി നൽകില്ലെന്നു ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതായി ആരോപണം. യുവാവ് മുസ്‌ലിമും യുവതി ഹിന്ദുവുമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജയ്പൂരിലെ ഹോട്ടല്‍ അധികൃതര്‍ മുറി നിഷേധിച്ചതെന്നാണ് ആരോപണം.
ഉദയ്‌പൂർ സ്വദേശിയും അസിസ്റ്റന്റ് പ്രൊഫസറുമായ യുവാവ് ശനിയാഴ്ച ജയ്‌പൂരിലെ ഓയോയുടെ സിൽവർകീ ഹോട്ടലുകളിലൊന്നിൽ എത്തിയപ്പോഴാണ് സംഭവം. “ശനിയാഴ്ച രാവിലെ ഞാന്‍ ജയ്പൂരില്‍ എത്തി. എന്റെ സുഹൃത്ത് ഡല്‍ഹിയില്‍ നിന്ന് എത്താനുണ്ടായിരുന്നു,” അദ്ദേഹം പറഞ്ഞു.
Read More: ഭക്ഷണത്തിൽ മുടി കണ്ടു; ഭാര്യയെ മൊട്ടയടിപ്പിച്ച് ഭർത്താവ്
“രണ്ടു പേര്‍ക്കും വേണ്ടി ട്രാവല്‍ ആപ്പ് വഴിയാണ് ഞാൻ ഹോട്ടൽ മുറി ബുക്ക് ചെയ്തത്. രാവിലെ എട്ടിനും ഒൻപതിനും ഇടയിലാണ് ഞാന്‍ എത്തിയത്. ചെക്ക് ഇന്‍ ചെയ്യാനുള്ള രണ്ടാമത്തെ ആളുടെ പേരുവിവരങ്ങള്‍ റിസപ്ഷനിസ്റ്റ് എന്നോട് ചോദിച്ചു. ഞാന്‍ സുഹൃത്തിന്‌റെ പേരു പറഞ്ഞപ്പോള്‍, അവരെന്നോട് പറഞ്ഞു, ഇത് പ്രശ്‌നമാണെന്നും രണ്ട് മതങ്ങളില്‍ പെട്ട ആളുകള്‍ക്ക് മുറി തരാനാകില്ലെന്നും,” യുവാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
“അത്തരമൊരു നിയമമൊന്നുമില്ലെന്നും ആപ്ലിക്കേഷനിലോ ഹോട്ടൽ വെബ്‌സൈറ്റിലോ എവിടെയും അത് പറഞ്ഞിട്ടില്ലെന്നും ഞാൻ അവരോടു പറഞ്ഞു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്ക് വിരുദ്ധമാണ്. ലോക്കൽ പൊലീസിന്റെ നിർദേശപ്രകാരം മാത്രമാണ് ഞങ്ങൾ പ്രവർത്തിക്കുന്നതെന്ന് അവർ അവകാശപ്പെട്ടു. ഇത് രേഖാമൂലം നൽകാൻ ഞാൻ അവരോട് ആവശ്യപ്പെട്ടെങ്കിലും അവർ നിരസിച്ചു, ” അദ്ദേഹം പറഞ്ഞു.
“വിവിധ മതങ്ങളിലോ ലിംഗത്തിലോ പെട്ടവർ ഒരുമിച്ച് താമസിക്കുന്നത് വിലക്കുന്ന നിയമം എവിടെയും ഇല്ലെന്ന് ഞാൻ അവരോട് പറഞ്ഞു, പക്ഷേ അവർ കേൾക്കാൻ തയാറായില്ല”. യുവാവ് ബുക്കിങ് ആപ്ലിക്കേഷനിൽ പ്രശ്നം ഉന്നയിച്ചപ്പോൾ, ബുക്കിങ് തുക മടക്കി നൽകുകയും, മറ്റൊരു ഹോട്ടലിൽ മുറി ബുക്ക് ചെയ്തു കൊടുക്കുകയും ചെയ്തു.
ഇതൊരു ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് യുവതി പ്രതികരിച്ചു. “നമ്മൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്, മതത്തിന്റെ അടിസ്ഥാനത്തിൽ ആളുകളെ ഭിന്നിപ്പിക്കാനുള്ള ഈ ചിന്ത ആളുകളിൽ ഇപ്പോഴുമുളളത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല.” ഹോട്ടലുകാർക്ക് ഒരു ഹിന്ദുവിനെയും സിഖ് മത വിഭാഗത്തിലുള്ള ആളേയും സ്വീകരിക്കുന്നതിൽ കുഴപ്പമില്ല, എന്നാൽ ഒരു ഹിന്ദുവിനേയും മുസ്‌ലിമിനേയും സ്വീകരിക്കുന്നതിലാണ് കുഴപ്പമെന്നും അവർ പറഞ്ഞു.
യുവാവിനും യുവതിക്കും പ്രവേശനം നിഷേധിച്ച ജയ്പൂർ ഹോട്ടൽ മാനേജർ ഗോവർധൻ സിങ് പറഞ്ഞത് വ്യത്യസ്ത മതവിഭാഗത്തിൽ നിന്നുള്ളവരെ ഒന്നിച്ചു താമസിക്കാൻ തങ്ങൾ അനുവദിക്കാറില്ലെന്നാണ്. ഇത് ഹോട്ടലിന്റെ നയവും പൊലീസിൽ നിന്നുള്ള നിർദേശവുമാണ്. തന്റെ സീനിയർ ഉദ്യോഗസ്ഥരും പൊലീസും ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും വളരെ മാന്യമായാണ് ഈ വിവരം യുവാവിനെയും യുവതിയെയും അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.