ജയ്പൂര്‍: ജയ്പൂരില്‍ പ്രദേശവാസികളും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ജയ്പൂരിലെ വിവിധ മേഖലകളില്‍ പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിനും വിലക്ക് ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഒരു ബൈക്ക് യാത്രികനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് സംഘര്‍ഷം. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.
പൊലീസ് ഇയാളെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരുകൂട്ടം പ്രദേശവാസികള്‍ രാംഗഞ്ജ് പൊലീസ് സ്റ്റേഷന് വളയുകയും ഒരു ആംബുലന്‍സും പൊലീസ് ജീപ്പും ഉള്‍പ്പെടെ അഞ്ചു വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. 21ഓളം ജീപ്പുകളും ഇവര്‍ നശിപ്പിച്ചെന്ന് പൊലീസ് അധികൃതര്‍ ആരോപിക്കുന്നു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു.