മൂന്നു വയസ്സുകാരി മകളെയും 100 കോടി സ്വത്തും ഉപേക്ഷിച്ച് സുമിത് റാത്തോഡ് ജൈന സന്യാസിയായി. സുമിത് മുനി എന്നായിരിക്കും 35 കാരനായ സുമിത് ഇനി അറിയപ്പെടുക. ഗുജറാത്തിലെ സൂറത്തിൽ വൃദ്ധാവൻ പാർക്കിലായിരുന്നു മതാചാരപ്രകാരമായ ചടങ്ങുകൾ നടന്നത്. ജൈന സന്യാസി ആചാര്യ രാംലാൽ മഹാരാജ് ആണ് സുമിതിന്റെ നാമകരണം നടത്തിയത്. അതേസമയം, സുമിതിന്റെ ഭാര്യ 34 കാരിയായ അനാമികയുടെ സന്യാസം സ്വീകരിക്കുന്നതിനുളള ചടങ്ങുകൾ മാറ്റിവച്ചു. നിയമപരമായ നടപടികൾ പൂർത്തിയായശേഷം ചടങ്ങുകൾ നടക്കുമെന്ന് രാംലാൽ പറഞ്ഞു.

ജൈനമതവിശ്വാസികളായ ധനികരായ വ്യവസായികളാണ് സുമിത്തിന്റെയും അനാമികയുടെയും കുടുംബം. ലണ്ടനിൽ ഉപരിപഠനത്തിനുശേഷം കുടുംബ ബിസിനസ് നോക്കിനടത്തുകയായിരുന്നു സുമിത്. രണ്ടു വർഷം മുൻപാണ് ദീക്ഷ സ്വീകരിക്കാനുള്ള ആഗ്രഹം സുമിത് ജൈന ആചാര്യൻ രംലാൽ മഹാരാജനെ അറിയിച്ചത്. ഭാര്യയുടെ അനുവാദം വാങ്ങിവരാനായിരുന്നു ആചാര്യൻ സുമിതിനോട് ആവശ്യപ്പെട്ടത്. അനാമികയോട് സമ്മതം ചോദിച്ചപ്പോൾ ദീക്ഷ സ്വീകരിക്കാൻ സുമിത്തിന് അനുവാദം കൊടുത്തു, മാത്രമല്ല താനും ദീക്ഷ സ്വീകരിക്കാൻ തയാറാണെന്ന് പറഞ്ഞു.

സുമിത്തും അനാമികയും സന്യാസമാർഗം തിരഞ്ഞെടുത്തതോടെ ഏകമകൾ ഇഭ്യയെ ഇരുവരുടെയും മാതാപിതാക്കളുടെ സംരക്ഷണത്തിലാകും വളരുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ