ന്യൂഡൽഹി: ഡൽഹിയിലെ കലാപത്തിന്റെ മറവിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ കഴിയുന്ന പിഞ്ച്ര തോഡ് സംഘടനാ പ്രവർത്തക നടാഷ നർവാളിന്റെ അച്ഛൻ മഹാവീർ നർവാൾ (71) കോവിഡ് ബാധിച്ച് മരിച്ചു. ഗുരുതരാവസ്ഥയിൽ റോഹ്ത്തക് ആശുപത്രിയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്നലെ വൈകുന്നേരമാണ് മരിച്ചത്.
യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ മേയ് മുതൽ ജയിലിൽ കഴിയുന്ന നടാഷ, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന പിതാവിനെ കാണാൻ അനുമതി നൽകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. അച്ഛന്റെ മരണശേഷം തിങ്കളാഴ്ച കോടതി നടാഷക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. നടാഷയുടെ സഹോദരൻ ആകാശ് കോവിഡ് പോസിറ്റിവായി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്. ഇവർ കുട്ടികളായിരുന്നപ്പോൾ തന്നെ അമ്മ മരിച്ചിരുന്നു.
മരിച്ച മഹാവീർ നർവാൾ സിസിഎസ് ഹരിയാന കാർഷിക സർവകലാശാലയിൽനിന്നു വിരമിച്ച ശാസ്ത്രജ്ഞനും സിപിഎമ്മിന്റെ മുതിർന്ന അംഗവുമായിരുന്നു. സിപിഎമ്മിലെ നിരവധി നേതാക്കൾ നർവാളിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. പാർട്ടിയിലെ മുതിർന്ന നേതാവിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച സിപിഎം മോദി സർക്കാരിന്റെ ക്രൂരതയാണിതെന്ന് ആരോപിച്ചു.
Read Also: രാജ്യത്തിന് വേണ്ടത് ശ്വാസമാണ്, പ്രധാനമന്ത്രിയുടെ വസതിയല്ല: രാഹുൽ ഗാന്ധി
“മുതിർന്ന നേതാവായ മഹാവീർ നർവാളിന്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കഴിഞ്ഞ വർഷം യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത അദ്ദേഹത്തിന്റെ മകൾ നടാഷ നർവാളിന് അവരുടെ അച്ഛനെ പോലും കാണാൻ അനുവദിക്കാത്തത് മോദി സർക്കാരിന്റെ ക്രൂരതയാണ്. ലാൽ സലാം മഹാവീർ നർവാൾ,” സിപിഎം ട്വിറ്ററിൽ കുറിച്ചു.
മകൾ നടാഷയ്ക്ക് എല്ലാ സമയത്തും പിന്തുണ നൽകിയിരുന്ന ആളാണ് മഹാവീർ നർവാൾ. മകളെ കുറിച്ച് താൻ അഭിമാനം കൊള്ളുന്നുവെന്നും അവൾ എന്നും മനുഷ്യത്വത്തിന്ു വേണ്ടിയാണ് നിലകൊണ്ടതെന്നും പ്രക്ഷോഭങ്ങൾ നയിക്കുന്നതിനേക്കാൾ കലാപത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനാണ് നടാഷ ശ്രമിച്ചതെന്നും നർവാൾ ഇന്ത്യൻ എക്സ്പ്രസ്സിനോട് നേരത്തെ പറഞ്ഞിരുന്നു.