ന്യൂഡല്‍ഹി: 17-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം രണ്ടാം ദിവസം പിന്നിടുന്നു. ഇന്നലെയും ഇന്നുമായി എംപിമാര്‍ ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള എഐഎംഐഎം എംപി അസാദുദീന്‍ ഒവൈസി ഇന്നാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒവൈസിയുടെ പേര് സത്യപ്രതിജ്ഞയ്ക്കായി വിളിച്ചതും ബിജെപി എംപിമാര്‍ മുദ്രാവാക്യം വിളിച്ചത് വിവാദമായി.

സത്യപ്രതിജ്ഞയ്ക്കായി ഒവൈസിയെ ക്ഷണിച്ചതും ബിജെപി എംപിമാര്‍ ‘ജയ് ശ്രീറാം’ വിളികള്‍ ആരംഭിച്ചു. ജയ് ശ്രീറാമിനെ പുറമേ ‘വന്ദേമാതരം’ വിളികളും ബിജെപി എംപിമാര്‍ നടത്തി. ഇതിനെയെല്ലാം ചിരിച്ചുകൊണ്ടാണ് ഒവൈസി നേരിട്ടത്. സത്യപ്രതിജ്ഞയ്ക്കായി നടന്നുവരുമ്പോള്‍ ‘കൂടുതല്‍ ഉച്ചത്തില്‍ ജയ് വിളിക്കൂ’ എന്ന് ബിജെപി എംപിമാരോട് ഒവൈസി ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഒവൈസി സത്യപ്രതിജ്ഞ ആരംഭിക്കും വരെ ബിജെപി എംപിമാര്‍ ജയ് വിളികള്‍ തുടര്‍ന്നു.

Read Also: ‘പോകുന്നിടത്തെല്ലാം വിവാദം’; സത്യപ്രതിജ്ഞയില്‍ ആത്മീയ ഗുരുവിന്റെ പേര് പറഞ്ഞ് പ്രഗ്യാ സിങ്

പിന്നീട് രംഗം ശാന്തമായ ശേഷമാണ് ഒവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. സത്യപ്രതിജ്ഞ വാചകം ചൊല്ലി തീര്‍ന്നതും ബിജെപി എംപിമാരുടെ ‘ജയ് ശ്രീറാം’ വിളികള്‍ക്കും ‘വന്ദേമാതരം’ വിളികള്‍ക്കും മറുപടി നല്‍കാനും ഒവൈസി മറന്നില്ല. സത്യപ്രതിജ്ഞ വാചകം പൂര്‍ത്തിയാക്കിയ ശേഷം ‘ജയ് ഭീം, ജയ് ഭീം, തക്ബീര്‍ അള്ളാഹു അക്ബര്‍, ജയ് ഹിന്ദ്’ എന്ന് കൂടി ഒവൈസി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഒവൈസി സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും ചില ബിജെപി എംപിമാര്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ഹൈദരാബാദില്‍ നിന്ന് തുടര്‍ച്ചയായി നാലാം തവണയാണ് ഒവൈസി എംപിയായി തിരഞ്ഞെടുക്കപ്പെടുന്നത്. മുസ്‌ലിങ്ങള്‍ക്കും ദലിതർക്കും വേണ്ടി പോരാട്ടം തുടരുമെന്ന് ഒവൈസി എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പറഞ്ഞു.

Read Also: സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും രജിസ്റ്ററില്‍ ഒപ്പിടാന്‍ മറന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി, വീഡിയോ

കേരളത്തില്‍ നിന്നുള്ള 19 എംപിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് എംപി ശശി തരൂര്‍ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യ – പാക്കിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം കാണാന്‍ ലണ്ടനിലേക്ക് പോയതിനാലാണ് ശശി തരൂരിന് ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാതിരുന്നത്.

ആദ്യ ദിനം ശ്രദ്ധാകേന്ദ്രമായവർ

ഇന്നലെ പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ പാര്‍ലമെന്റിലെ ശ്രദ്ധാകേന്ദ്രമായ മറ്റൊരു എംപി ബിജെപിയുടെ സ്മൃതി ഇറാനിയാണ്. വന്‍ വരവേല്‍പ്പാണ് സ്മൃതി ഇറാനിക്ക് ലഭിച്ചത്. ബിജെപി എംപിമാര്‍ നിര്‍ത്താതെ കൈയ്യടിച്ചാണ് സ്മൃതി ഇറാനിയെ സത്യപ്രതിജ്ഞയ്ക്കായി സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ആഭ്യന്തര മന്ത്രി അമിത് ഷായും ഡസ്‌കില്‍ നിര്‍ത്താതെ കൈയ്യടിച്ചു. ഏറെ സമയം കൈയ്യടിച്ച ശേഷമാണ് സഭ ശാന്തമായത്.

കേരളത്തില്‍ നിന്നുള്ള ഏക ഇടത് എംപിയായ എ.എം.ആരിഫ് പാര്‍ലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത് മലയാളത്തില്‍. കേരളത്തില്‍ നിന്നുള്ള ഇരുപത് എംപിമാരില്‍ എ.എം.ആരിഫും യുഡിഎഫ് എംപി വി.കെ.ശ്രീകണ്ഠനുമാണ് മാതൃഭാഷയായ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് യുഡിഎഫ് എംപിമാരിൽ ഒരാൾ ഹിന്ദിയിലും മറ്റുള്ളവർ ഇംഗ്ലീഷിലും സത്യപ്രതിജ്ഞ ചെയ്തു. ഭൂരിഭാഗം എംപിമാരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

Read Also: രാഹുലിനെ മലര്‍ത്തിയടിച്ച സ്മൃതി ഇറാനിക്ക് നിര്‍ത്താതെ കൈയ്യടിച്ച് നരേന്ദ്ര മോദി

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള എംപിമാരില്‍ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ശ്രദ്ധാകേന്ദ്രമായത് രാഹുല്‍ ഗാന്ധിയാണ്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. അതിലൊരാളാണ് വയനാട് മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ലോക്‌സഭയിലെത്തിയ രാഹുല്‍ ഗാന്ധി. രാവിലെ രാഹുല്‍ ഗാന്ധി സഭയില്‍ ഉണ്ടായിരുന്നില്ല. ഉച്ചയ്ക്കാണ് അദ്ദേഹം സഭയിലെത്തിയത്. സത്യപ്രതിജ്ഞ ചെയ്ത് രാഹുല്‍ ഗാന്ധി വീണ്ടും സീറ്റിലേക്ക് മടങ്ങിയത് ബിജെപി എംപിമാരെ അടക്കം ചിരിപ്പിച്ചു.

എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം രജിസ്റ്ററില്‍ ഒപ്പിട്ട് പ്രൊ ടേം സ്പീക്കര്‍ക്ക് ഹസ്തദാനം നടത്തിയാണ് തിരിച്ചുപോകേണ്ടത്. എന്നാല്‍, വയനാട് എംപിയായ രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചൊല്ലി തീര്‍ന്നതും വേഗം സീറ്റിലേക്ക് മടങ്ങി. തുടർന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ട്രഷറി ബഞ്ചിലുള്ളവരും ആംഗ്യം കാണിച്ച് രാഹുലിനെ തിരിച്ചുവിളിക്കുകയായിരുന്നു. അപ്പോഴാണ് രജിസ്റ്ററില്‍ ഒപ്പിടണമല്ലോ എന്ന കാര്യം രാഹുല്‍ ആലോചിക്കുന്നത്. പിന്നീട് രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം പ്രൊ ടേം സ്പീക്കര്‍ക്ക് ഹസ്തദാനം നല്‍കിയാണ് രാഹുല്‍ ഗാന്ധി തിരിച്ച് സ്വന്തം ഇരിപ്പിടത്തിലേക്ക് പോയത്. പാര്‍ലമെന്റ് നടപടികളുടെ ഭാഗമാണ് രജിസ്റ്ററില്‍ ഒപ്പിടുന്നത്. ഇക്കാര്യമാണ് രാഹുല്‍ ഗാന്ധി മറന്നുപോയത്.

സത്യപ്രതിജ്ഞയ്ക്കായി രാഹുല്‍ ഗാന്ധിയുടെ പേര് വിളിച്ചതും ഏറെ സൗമ്യനായും ചിരിക്കുന്ന മുഖത്തോടെയുമാണ് അദ്ദേഹം സീറ്റില്‍ നിന്ന് എഴുന്നേറ്റെത്തിയത്. സോണിയ ഗാന്ധിക്കൊപ്പമായിരുന്നു രാഹുല്‍ ഇരുന്നത്. രജിസ്റ്ററില്‍ ഒപ്പിടാന്‍ മറന്നപ്പോഴും ചിരി തന്നെയായിരുന്നു രാഹുലിന്റെ മുഖത്ത്. കോണ്‍ഗ്രസ് എംപിമാര്‍ ഏറെ ആവേശത്തോടെ കയ്യടിച്ചാണ് രാഹുലിന്റെ സത്യപ്രതിജ്ഞയെ സ്വീകരിച്ചത്. ഇംഗ്ലീഷിലായിരുന്നു രാഹുല്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook