കൊൽക്കത്ത: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകി ദേശീയ നേതാക്കൾ. ബിജെപി നേതാവും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് ബംഗാളിലും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അസമിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.
ബംഗാളിൽ മമത ബാനർജി സർക്കാരിനെ രൂക്ഷമായി വിമർശിച്ചാണ് യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിച്ചത്. ബംഗാളിൽ ‘ജയ് ശ്രീറാം’ വിളിക്കാൻ പോലും അനുവാദമില്ലെന്ന് യോഗി പറഞ്ഞു. ബംഗാളിൽ നിയമവാഴ്‌ചയില്ലെന്നും യോഗി കുറ്റപ്പെടുത്തി.
Read Also: ആരോഗ്യമന്ത്രി കെ.കെ.ശൈലജ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു
“ബംഗാളിൽ വളരെ മോശം നിയമവാഴ്‌ചയാണ് നടക്കുന്നത്. ഒരു കാലത്ത് ഇന്ത്യയെ നയിച്ചിരുന്നത് ബംഗാൾ ആയിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെ സ്ഥിതി വളരെ മോശമാണ്. ഇവിടെ നിയമവാഴ്‌ചയില്ല. ‘ജയ് ശ്രീറാം’ വിളികൾ പോലും ഇവിടെ നിരോധിച്ചിരിക്കുന്നു. ഇങ്ങനെ തുടരാൻ ജനങ്ങൾ മമത സർക്കാരിനെ അനുവദിക്കില്ല. പശുക്കടത്തും ലവ് ജിഹാദും തടയുന്നതിലും മമത സർക്കാർ പരാജയപ്പെട്ടു,” യോഗി പറഞ്ഞു.
“ബംഗാളിൽ ദുർഗാപൂജ നിരോധിക്കപ്പെട്ടു. ഈദ് പെരുന്നാളിന് പശുക്കളെ കശാപ്പ് ചെയ്യുന്നത് നിർബന്ധമാക്കി. പശുക്കടത്തിലൂടെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി. സംസ്ഥാന സർക്കാർ ഇപ്പോഴെല്ലാം നിശബ്‌ദത പാലിക്കുന്നു. ‘ജയ് ശ്രീറാം’ പോലുള്ള മുദ്രാവാക്യങ്ങൾ നിരോധിക്കാൻ ശ്രമങ്ങൾ നടക്കുന്നു,” യോഗി കൂട്ടിച്ചേർത്തു.
ബിജെപിയും തൃണമൂൽ കോൺഗ്രസും നേരിട്ടു ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ബംഗാളിൽ നിന്ന് മമത സർക്കാരിനെ താഴെയിറക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വെല്ലുവിളിച്ചിരുന്നു. ബിജെപിയുടെ ദേശീയ നേതാക്കളെല്ലാം ബംഗാളിലെത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ കഴിയുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.