ന്യൂഡൽഹി: കോവിഡ് -19 വാക്സിനേഷൻ ദൗത്യം അവസാനിച്ചു കഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമപ്രകാരം (സിഎഎ) കേന്ദ്ര സർക്കാർ അഭയാർഥികൾക്ക് പൗരത്വം നൽകുന്നത് ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.വോട്ടെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ മാതുവയിൽ നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാ. പ്രതിപക്ഷം സി‌എ‌എയിൽ ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിയമം ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ പൗരത്വ നിലയെ ബാധിക്കില്ലെന്നും ഉറപ്പ് നൽകുകയാണെന്നും ഷാ പറഞ്ഞു.

കൂച്ച്ബിഹാറിലെ റാഷ് മേള മൈതാനത്ത് “പരിവർത്തൻ യാത്ര”യുടെ നാലാം ഘട്ടം ആഭ്യന്തരമന്ത്രി നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും അനന്തരവൻ അഭിഷേക് ബാനർജിക്കും നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട ഷാ, ബിജെപിയുടെ ‘പരിവർത്തൻ യാത്ര’ സംസ്ഥാനത്തെ അഴിമതി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും പറഞ്ഞു.

Read More: രാഷ്ട്രീയ തൊട്ടുകൂടായ്മയിൽ ബിജെപി വിശ്വസിക്കുന്നില്ല, സമവായത്തെ വിലമതിക്കുന്നു: മോദി

മുഖ്യമന്ത്രിയെയോ എം‌എൽ‌എകളെയോ മന്ത്രിമാരെയോ മാറ്റുന്നതിനല്ല പശ്ചിമ ബംഗാളിനെ പരിവർത്തനം ചെയ്യുന്നതിനാണ് റാലി സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നുഴഞ്ഞുകയറ്റം, തൊഴിലില്ലായ്മ, സ്ഫോടനങ്ങൾ എന്നിവയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനും കർഷകരുടെ അവസ്ഥയിൽ മാറ്റം വരുത്താനുമാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു.

“ഈ‘ പരിവർത്തൻ യാത്ര ’സുവർണ ബംഗാൾ കെട്ടിപ്പടുക്കാനുള്ള ഒരു യാത്രയാണ്. പശ്ചിമ ബംഗാളിൽ ബിജെപിയുടെ അധികാരത്തിലേക്കുള്ള മാർച്ച് തടയാൻ തൃണമൂൽ ഗുണ്ടകൾക്ക് കഴിയില്ല,” അദ്ദേഹം പറഞ്ഞു.

ജയ് ശ്രീ റാം മുദ്രാവാക്യം വിളിക്കുന്നത് കുറ്റകരമാകുന്ന അന്തരീക്ഷം ടിഎംസി സർക്കാർ സൃഷ്ടിച്ചുവെന്ന് പറഞ്ഞ ഷാ “മമതാ ദിദി, ജയ് ശ്രീ റാമിന്റെ മുദ്രാവാക്യങ്ങൾ ഇവിടെ ഉയർത്തിയില്ലെങ്കിൽ അത് പാകിസ്ഥാനിൽ ഉയർത്തപ്പെടുമോ,” എന്നും ചോദിച്ചു.

തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മമത ‘ജയ് ശ്രീ റാം’ ചൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ജയ് ശ്രീ റാം” മുദ്രാവാക്യത്തിൽ മമത ബാനർജിക്ക് ദേഷ്യം വരുന്നു, പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും അവർ അത് ചൊല്ലാൻ തുടങ്ങും,” അമിത്ഷാ പറഞ്ഞു.

Read More: അന്താരാഷ്ട്ര കോടതിയില്‍ ഇസ്രായേലിന് ഇന്ത്യയുടെ സഹായം വേണം; മൗനം പൂണ്ട് കേന്ദ്രം

സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിച്ചു കഴിഞ്ഞാൽ രാജ്ബാൻഷി സമുദായത്തിലെ മഹദ് വ്യക്തികളുടെ സ്മരണക്കായി 500 കോടി രൂപ ചെലവഴിച്ച് പ്രദേശത്ത് ഒരു രാജ്ബാൻഷി സാംസ്കാരിക കേന്ദ്രം പണിയുമെന്നും ഷാ പറഞ്ഞു. കൂച്ച് ബെഹാറിലെ മദൻ മോഹൻ മന്ദിറും മേഖലയിലെ മറ്റ് മന്ദിരങ്ങളും ഉൾപ്പെടുത്തി ടൂറിസ്റ്റ് സർക്യൂട്ട് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടിഎംസിയും കമ്മ്യൂണിസ്റ്റ് പാർട്ടികളും സംസ്ഥാനത്തെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ അമിത് ഷാ, ‘സബ്ക സാത്ത്, സബ്ക വികാസ്’ എന്ന ആദർശത്തോടെയാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും എല്ലാ സമുദായങ്ങളുടെയും സംസ്കാരങ്ങളും സാഹിത്യങ്ങളും പാരമ്പര്യങ്ങളും പാർട്ടി മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും പറഞ്ഞു.

തന്റെ മരുമകനെ അടുത്ത മുഖ്യമന്ത്രിയാക്കാൻ മാത്രമാണ് മമത പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

130 ബിജെപി പ്രവർത്തകരെ കൊന്നശേഷം “ടിഎംസി ഗുണ്ടകൾ” “സ്വതന്ത്രരായി നടക്കുന്നു” എന്ന് പറഞ്ഞ അമിത്ഷാ ഭാവിയിൽ തങ്ങൾ സർക്കാർ രൂപീകരിക്കുമ്പോൾ അവരെ അഴിയെണ്ണിക്കുമെന്നും മുന്നറിയിപ്പ് നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook