അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി അധികാരമേറ്റു. വിജയവാഡയിൽ നടന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ.നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 3,000ത്തോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷികളായത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍ എന്നിവര്‍ ചടങ്ങിലെത്തി. ക്രിസ്ത്യന്‍-ഇസ്‌ലാമിക്-ഹിന്ദു പ്രാർഥനകള്‍ വേദിയില്‍ ചൊല്ലിയതിന് ശേഷമാണ് ചടങ്ങ് അവസാനിച്ചത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍ ഇ.എസ്.എല്‍.നരസിംഹനും ചന്ദ്രശേഖര റാവുവും ജഗന്‍ മോഹന്‍ റെഡ്ഡിയും നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനായി രാജ്യതലസ്ഥാനത്തേക്ക് തിരിച്ചു. വിഭജനത്തിന് ശേഷമുള്ള ആന്ധ്രയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായാണ്, വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ നാൽപ്പത്തിയാറുകാരൻ ജഗൻ അധികാരമേൽക്കുന്നത്. മന്ത്രിസഭാ വിപുലീകരണം ജൂൺ ഏഴിന് നടക്കാനാണ് സാധ്യത.

ചടങ്ങിലേക്ക് ആന്ധ്രയുടെ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയെ നിലംപരിശാക്കി 175 നിയമസഭാ സീറ്റുകളില്‍ 151 ഉം സ്വന്തമാക്കി ഉജ്ജ്വല വിജയമായിരുന്നു ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയത്.

Read More: ജഗന്‍മോഹന്‍ റെഡ്ഡി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ചന്ദ്രബാബു നായിഡുവിനെ ജഗന്‍ മോഹന്‍ റെഡ്ഡി ഫോണില്‍ വിളിച്ച് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ ആന്ധ്രാ ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചന്ദ്രബാബു നായിഡുവിനോട് ഒരു വിരോധവുമില്ലെന്ന് ജഗന്‍ പറഞ്ഞിരുന്നു.

സ്ഥാനാരോഹണത്തിന് മുന്നോടിയായി ജഗന്‍ നരേന്ദ്ര മോദിയേയും അമിത് ഷായേയും ഡല്‍ഹിയില്‍ കണ്ടിരുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിച്ചു തരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മോദിയെ ബോധ്യപ്പെടുത്തിയതായി ജഗന്‍ പറഞ്ഞു. നിലവില്‍ 2.53ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട് ആന്ധ്രയ്ക്ക്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തില്‍ തൂക്കു പാര്‍ലമെന്റ് വരുമെന്ന് ജഗന്‍ കണക്കു കൂട്ടിയിരുന്നു. എന്നാല്‍ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയത് അദ്ദേഹത്തിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുകയായിരുന്നു.

സംസ്ഥാനത്തിന്റെ പ്രത്യക പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയായിരുന്നു ആന്ധ്രപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്. 2014ലെ സംസ്ഥാന വിഭജനത്തിന് ശേഷം ആന്ധ്രയ്ക്ക് തലസ്ഥാന നിര്‍മാണത്തിനും മറ്റുമായി ഭീമമായ തുക ആവശ്യമായി വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook