ന്യൂഡൽഹി: നിലവിലെ 30 മുഖ്യമന്ത്രിമാരിൽ 29 പേരും കോടീശ്വരന്മാരാണെന്ന് എഡിആർ റിപ്പോർട്ട്. ഏറ്റവും കൂടുതൽ ആസ്തിയുള്ളത് (മൊത്തം 510 കോടി രൂപ) ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) വിശകലനം ചെയ്ത വോട്ടെടുപ്പ് സത്യവാങ്മൂലത്തിൽ പറയുന്നതായി പിടിഐ റിപ്പർട്ട് ചെയ്യുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കാണ് ഏറ്റവും കുറഞ്ഞ ആസ്തി (ഏകദേശം 15 ലക്ഷം രൂപ)യെന്ന് എഡിആർ അറിയിച്ചു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിലവിലെ 30 മുഖ്യമന്ത്രിമാരുടെയും വോട്ടെടുപ്പ് സത്യവാങ്മൂലം വിശകലനം ചെയ്തതിന് ശേഷമാണ് തങ്ങൾ ഈ നിഗമനത്തിൽ എത്തിയതെന്ന് എഡിആറും ഇലക്ഷൻ വാച്ചും അറിയിച്ചു.
28 സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഡൽഹി, പുതുച്ചേരി എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ആസ്തികളെക്കുറിച്ചാണ് വിശകലനം ചെയ്തത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന് നിലവിൽ മുഖ്യമന്ത്രിയില്ല. വിശകലനം ചെയ്ത 30 മുഖ്യമന്ത്രിമാരിൽ 29 പേരും (97 ശതമാനം) കോടീശ്വരന്മാരാണെന്നും ഓരോ മുഖ്യമന്ത്രിയുടെയും ശരാശരി ആസ്തി 33.96 കോടി രൂപയാണെന്നും എഡിആർ പറയുന്നു.
ആന്ധ്രാപ്രദേശിലെ ജഗൻ മോഹൻ റെഡ്ഡി (510 കോടിയിലധികം), അരുണാചൽ പ്രദേശിലെ പേമ ഖണ്ഡു (163 കോടിയിലധികം), ഒഡീഷയുടെ നവീൻ പട്‌നായിക് (63 കോടിയിലധികം) എന്നിവരാണ് ആസ്തിയുടെ കാര്യത്തിൽ മുന്നിൽനിൽക്കുന്ന ആദ്യ മൂന്ന് മുഖ്യമന്ത്രിമാരെന്ന് എഡിആർ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ മമത ബാനർജി (15 ലക്ഷത്തിന് മുകളിൽ), കേരളത്തിലെ പിണറായി വിജയൻ (ഒരു കോടിയിലധികം), ഹരിയാനയുടെ മനോഹർ ലാൽ (ഒരു കോടിയിലധികം) എന്നിവരാണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള മൂന്ന് മുഖ്യമന്ത്രിമാരാണെന്ന് എഡിആർ പറയുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഡൽഹിയിലെ അരവിന്ദ് കേജ്‌രിവാളിനും മൂന്ന് കോടിയിലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് റിപ്പോർട്ട്.
30 മുഖ്യമന്ത്രിമാരിൽ 13 പേരും (43 ശതമാനം) കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് എഡിആർ റിപ്പോർട്ടിലുണ്ട്. ഗുരുതരമായ ക്രിമിനൽ കേസുകളെന്നു പറയുന്നത് അഞ്ച് വർഷത്തിലധികം തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.