ബെയ്ജിങ്: ഏഷ്യയിലെ രണ്ടാമത്തെ ധനികനും ചൈനയിലെ ഏറ്റവും വലിയ ധനികനുമായ ആലിബാബ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ ജാക് മാ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പാർട്ടിയുടെ ഔദ്യോഗിക പത്രത്തിലാണ് ഇതേക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചത്.
തൊഴിലാളി വർഗ്ഗ പ്രത്യയശാസ്ത്രത്തിന്റെ നിലപാടിന് യോജിച്ചതാണോ ഇതെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ടെങ്കിലും ചൈനയിൽ ഇത് യാതൊരു ചലനവും സൃഷ്ടിച്ചില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അന്തരിച്ച കമ്യൂണിസ്റ്റ് നേതാവ് മാവോ സേ തുങ്ങിന് ശേഷം കാറൽ മാർക്സിന്റെ പ്രത്യയശാസ്ത്രത്തിൽ ഊന്നി നിന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സ്വകാര്യ മേഖലയ്ക്ക് പ്രോത്സാഹനം നൽകിയിരുന്നു.
ഈ മാറ്റമാണ് ഇന്ന് അമേരിക്കയ്ക്ക് ശേഷം ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈനയെ മാറ്റിയത്. ജാക് മാ ചൈനയുടെ സാങ്കേതിക ലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന മുതലാളിമാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ വളർച്ച കൂടുതൽ മുതലാളിമാരെ പാർട്ടിയിലേക്ക് അടുപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
40.2 ബില്യൺ അമേരിക്കൻ ഡോളർ ആസ്തിയാണ് അദ്ദേഹത്തിനുളളത്. ഫോബ്സ് പട്ടിക പ്രകാരം 43.8 ബില്യൺ ഡോളറിന്റെ ആസ്തിയുളള ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ചൈനീസ് ജനസംഖ്യയുടെ ഏഴ് ശതമാനമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗങ്ങൾ. സർക്കാർ ഉദ്യോഗസ്ഥർ, മുതലാളിമാർ തുടങ്ങി കമ്യൂണിസ്റ്റ് വിരുദ്ധർ വരെ പാർട്ടിയിൽ അംഗത്വം എടുത്തിട്ടുണ്ട്. ഭീമമായ സമ്പത്ത് കൈവശം വയ്ക്കുന്നത് ചൈനയിൽ എപ്പോൾ വേണമെങ്കിലും സർക്കാർ നടപടി നേരിടാനുളള സാഹചര്യം സൃഷ്ടിച്ചേക്കും. ഈ സാഹചര്യത്തിലാണ് മുതലാളിമാർ പാർട്ടിയിൽ ധാരാളമായി അംഗത്വം എടുക്കുന്നതെന്ന വിമർശനവുമുണ്ട്.