ന്യൂഡല്‍ഹി: ക​ർ​ണാ​ട​ക​യി​ല്‍ അധികാരത്തിലേറിയ ബി.എസ്.യെഡിയൂരപ്പ സര്‍ക്കാരിന് ദീ​ർ​ഘാ​യു​സ് ഉ​ണ്ടോ​യെ​ന്ന ​കാ​ര്യ​ത്തി​ൽ ശനിയാഴ്‌ചയാണ് തീരുമാനമാകുക. നാളെ വൈകുന്നേരം 4 മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. ബി.​എ​സ്.​യെ​ഡി​യൂ​ര​പ്പ സ​ർ​ക്കാ​രി​നെ​തി​രെ കോ​ൺ​ഗ്ര​സും ജെ​ഡി​എ​സും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാണ് സു​പ്രീം​ കോ​ട​തി നടപടി.

ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തി നാളെ സഭ ചേരാനുളള നടപടികള്‍ കൈക്കൊളളുമെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ പറ്റുമെന്ന് 100 ശതമാനം ആത്മവിശ്വാസം ഉണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ പറഞ്ഞിട്ടുണ്ട്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാം എന്നാണ് റോഹ്ത്തഗി കോടതിയെ അറിയിച്ചത്. എംഎല്‍എമാരുടെ പട്ടിക കോടതിയെ കാണിക്കേണ്ടതില്ലെന്നും റോഹ്ത്തഗി പറഞ്ഞു.

എന്നാല്‍ ഇതിനെതിരെ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഹാജരാക്കിയ രേഖയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നും പിന്തുണയുളള എംഎല്‍എമാരുടെ പേരുകള്‍ ഉണ്ടെന്നും ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സഭയില്‍ നടക്കുന്ന വിശ്വാസവോട്ടെടുപ്പ് സുപ്രീം കോടതിയുടെ പരിശോധനയിലായിരിക്കും നടക്കുക. എങ്കില്‍ രഹസ്യ വോട്ടെടുപ്പ് നടക്കട്ടേയെന്ന് എജി കെ.കെ.വേണുഗോപാല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരസിച്ചു.

വിധി പ്രസ്താവത്തിനിടെ ജസ്റ്റിസ് സിക്രി ഒരു വാട്ട്സ്ആപ്പ് ട്രോള്‍ സന്ദേശം വായിച്ചത് കോടതിയില്‍ കൂട്ടച്ചിരി മുഴക്കി. ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ ഉളളവര്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നിരിക്കെ എംഎല്‍എമാര്‍ താമസിച്ചിരുന്ന ബെംഗളൂരുവിലെ റിസോര്‍ട്ട് മുതലാളി അവകാശവാദവുമായി വന്നു എന്ന ട്രോള്‍ ആണ് അദ്ദേഹം ഫോണില്‍ നോക്കി വായിച്ചത്. ‘ഈഗിൾടൺ റിസോർട്ട് ഉടമയ്ക്ക് 117 പേരുടെ പിന്തുണയുണ്ട്. അത് പറഞ്ഞു മിക്കവാറും അയാൾ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും’, തിങ്ങി നിറഞ്ഞ കോടതി മുറിയാകെ പൊട്ടിച്ചിരിച്ചു കൊണ്ടാണ് ജഡ്ജിയുടെ വാക്കുകള്‍ കേട്ടത്.

നേരത്തേ കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് ഈഗിള്‍ട്ടണില്‍ താമസിപ്പിച്ചിരുന്നത്. ബിജെപി ചാക്കിട്ട് പിടിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസും ജെഡിഎസും എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെ കേരള ടൂറിസം വകുപ്പ് എംഎല്‍എമാരെ സ്വാഗതം ചെയ്ത് ടീറ്റ് ചെയ്തെങ്കിലും ഇത് പിന്‍വലിച്ചു. ഇത് ആദ്യമായല്ല ഇന്ത്യയില്‍ എംഎല്‍എമാര്‍ രാഷ്ട്രീയ വനവാസത്തിനായി റിസോര്‍ട്ടുകളിലേക്ക് മാറുന്നത്.

1983ല്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന രാമകൃഷ്ണ ഹെഗ്ഡെ എംഎല്‍എമാരെ കോണ്‍ഗ്രസിനെ ഭയന്ന് റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. 1984ല്‍ തെലുങ്കുദേശം പാര്‍ട്ടി നേതാവ് എൻ.ടി.രാമറാവു എംഎല്‍എമാരെ ബെംഗളൂരുവിലേക്കും അവിടുന്ന് ഡല്‍ഹിയിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് തമിഴ്നാട്ടിലും സമാനമായ സംഭവങ്ങള്‍ നടന്നത്. അന്ന് ശശികല എംഎല്‍എമാരെ ചെന്നൈയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ