ന്യൂഡല്‍ഹി: ജെ.പി.നഡ്ഡയെ ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് നഡ്ഡയെ വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. കേന്ദ്ര മന്ത്രിയായി സ്ഥാനമേറ്റ അമിത് ഷായ്ക്ക് പകരം പുതിയ ബിജെപി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതിനിടെയാണ് നഡ്ഡയെ വര്‍ക്കിങ് പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്.

Read Also: ബിജെപി പ്രസിഡന്റായി അമിത് ഷാ ഡിസംബർവരെ തുടർന്നേക്കും

ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ജെ.പി.നഡ്ഡ. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ ചുമതല നഡ്ഡയ്ക്കായിരുന്നു. കേന്ദ്രമന്ത്രിയായതിനാല്‍ അമിത് ഷായ്ക്ക് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് സമയമുണ്ടാകില്ല. ഈ സാഹചര്യത്തില്‍ സംഘടനാ തിരഞ്ഞെടുപ്പില്‍ അധ്യക്ഷനെ സഹായിക്കുകയാണ് ജെ.പി.നഡ്ഡയുടെ ചുമതല.

Read Also: ‘ഒന്നും ആയിട്ടില്ലത്രേ!’; അമിത് ഷായുടെ ലക്ഷ്യം കേരളവും ബംഗാളും

അതേസമയം, സംഘടനാ തിരഞ്ഞെടുപ്പ് കഴിയും വരെ ബിജെപി അധ്യക്ഷനായി അമിത് ഷാ തുടരും. സംഘടനാ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കാനാണ് സാധ്യത. മഹാരാഷ്ട്ര, ഹരിയാന ഉൾപ്പടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന നാല് സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ അമിത് ഷാ തന്നെ നയിക്കും. ഒരാൾക്ക് ഒരു പദവി എന്നതാണ് കീഴ്വഴക്കം എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമേ ബിജെപിയിൽ തൽക്കാലം നേതൃമാറ്റം ഉണ്ടാകൂ.

2014 ജൂലൈയിൽ രാജ്നാഥ് സിങ്ങിൽനിന്നാണ് ബിജെപി പ്രസിഡന്റ് സ്ഥാനം അമിത് ഷാ ഏറ്റെടുത്തത്. രാജ്നാഥ് സിങ്ങിന്റെ കാലാവധി തീരാൻ 18 മാസം നിൽക്കെയാണ് ഷാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. 2016 ജനുവരിയിൽ അടുത്ത മൂന്നുവർഷത്തേക്ക് ബിജെപി പ്രസിഡന്റായി ഷാ തിരഞ്ഞെടുക്കപ്പെട്ടു. ഒരു വ്യക്തിയെ രണ്ടു തവണ തുടർച്ചയായി പാർട്ടി പ്രസിഡന്റായിരിക്കാൻ ബിജെപിയുടെ ഭരണഘടന അനുവദിക്കുന്നുണ്ട്. അതിനാൽ തന്നെ ഇനിയൊരു തവണ കൂടി പ്രസിഡന്റായി തുടരാൻ ഷായ്ക്ക് അവസരമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 303 സീറ്റുകൾ നേടി അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാരിൽ ആഭ്യന്തര മന്ത്രിയുടെ ചുമതലയാണ് ഷാ വഹിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook