ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ വെടിയേറ്റ് രണ്ടു നാഷനൽ കോൺഫറൻസ് പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടു. വെടിവയ്പിൽ ഒരാൾക്ക് പരുക്കേറ്റു. ശ്രീനഗറിലെ കർഫാലി മോഹല്ല പ്രദേശത്താണ് വെടിവയ്പുണ്ടായത്. തദ്ദേശസ്ഥാപനങ്ങളിലേക്കുളള ആദ്യഘട്ട തിരഞ്ഞെടുപ്പിന് രണ്ടു ദിവസം ബാക്കിനിൽക്കെയാണ് ഭീകരാക്രമണം.

പാർട്ടി പ്രവർത്തകരുടെ നിര്യാണത്തിൽ നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുല്ലയും വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ലയും ദുഃഖം രേഖപ്പെടുത്തി. ”എന്റെ പാർട്ടി പ്രവർത്തകർക്കുനേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. നാസിർ അഹമ്മദ് ഭട്ടും മുഷ്താഖ് അഹമ്മദ് വാനിയും കൊല്ലപ്പെട്ടു. ഷക്കീൽ അഹമ്മദ് പരുക്കേറ്റ് ചികിത്സയിലാണ്. അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. ഈ സമയത്ത് അവരുടെ കുടുംബാംഗങ്ങൾക്ക് ഈ വിയോഗം താങ്ങാനുളള കരുത്ത് ലഭിക്കട്ടെ”, ഒമർ ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ആക്രമണത്തെ അപലിച്ചു. നാഷനൽ കോൺഫറൻസ് പ്രവർത്തകർ കൊല്ലപ്പെട്ടന്ന വാർത്ത വേദനയുളവാക്കുന്നതാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ വേദനയ്ക്കൊപ്പം പങ്കുചേരുന്നതായും മെഹബൂബ ട്വീറ്റ് ചെയ്തു. മെഹബൂബയുടെ വാക്കുകൾക്ക് ഒമർ നന്ദി പറയുകയും ചെയ്തു.

കശ്മീരിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുളള ആദ്യഘട്ട തിരഞ്ഞെടുപ്പ് ഒക്ടോബർ എട്ടിനാണ് നടക്കുക. രണ്ടാം ഘട്ടം ഒക്ടോബർ 10 നും മൂന്നാം ഘട്ടം ഒക്ടോബർ 13 നും നാലാം ഘട്ടം ഒക്ടോബർ 16 നും നടക്കും. ഒക്ടോബർ 20 നാണ് വോട്ടെണ്ണൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook