ശ്രീനഗര്‍: സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കശ്മീരില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കുപ്വര ജില്ലയിലെ ഗുല്ലുരയില്‍ വെച്ച് ചൊവാഴ്ച്ച നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്.

കൊല്ലപ്പെട്ട തീവ്രവാദികള്‍ ഏതു സംഘത്തില്‍ പെടുന്നവരാണെന്നോ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. ഇപ്പോളും ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഗുല്ലൂര മേഖലയില്‍ തീവ്രവാദികള്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവിടെ തിരച്ചില്‍ നടത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തിരച്ചില്‍ പിന്നീട് ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു. ഇതേതുടര്‍ന്നാണ് തീവ്രവാദികളെ വധിച്ചത്. കൂടുതല്‍ തീവ്രവാദികള്‍ ഇവിടെയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

അനന്ത്നാഗ് ജില്ലയില്‍ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ തീവ്രവാദിയെ വധിച്ചിരുന്നു. ഇയാള്‍ ഒട്ടേറെ ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

ഈ മാസം ആദ്യം ബന്ദീപൊരാ ജില്ലയില്‍ മൂന്നു തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയിരുന്നു. ഈ മേഖലയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തിയതായി പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook