ശ്രീനഗര്‍: കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ പാക് സൈനികര്‍ നടത്തിയ ഷെല്ലാക്രമണത്തിലും വെടിവയ്പിലും ഒരു സ്ത്രീയടക്കം രണ്ട് ഗ്രാമീണര്‍ കൊല്ലപ്പട്ടു. മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആര്‍എസ് പുര, അര്‍ണിയ, രാംഗഡ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ആക്രമണം നടന്നത്. ആര്‍എസ് പുര സ്വദേശി സുനില്‍ കുമാര്‍, സായ്കുണ്ഡ് സ്വദേശി ബച്നോ ദേവി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ കുറേ ദിവസങ്ങളായി പാക് സൈന്യം അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവയ്പ് തുടരുകയാണ്. എന്നാല്‍ അതിർത്തി ഗ്രാമങ്ങൾക്കു നേരെ ആക്രമണം നടത്തുന്നത് അസാധാരണ സംഭവമാണ്. ഇത് അതിര്‍ത്തി ഗ്രാമങ്ങളിലെ താമസക്കാരില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നാണ് സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. എന്നാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പാക് ഭീഷണി തടയാന്‍ തങ്ങള്‍ പൂര്‍ണ സജ്ജമാണെന്നും സൈന്യം അറിയിച്ചു.

ബുധനാഴ്ച രാത്രിയ്ക്ക് ശേഷം പാക് സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഒരു ബിഎസ്എഫ് ജവാനും ഒൻപത് വയസുകാരിയും കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ മൂന്നു പേര്‍ ഒരു കുടുംബത്തില്‍ നിന്നായിരുന്നു. ഇതിന് മറുപടിയായി സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് പാക് പോസ്റ്റുകള്‍ തകരുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായും ബിഎസ്എഫ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook