ലണ്ടന്‍/ലോസ് ആഞ്ചലസ്: ‘ഹാരി പോട്ടര്‍’ എന്ന ഫാന്റസി പുസ്തക പരമ്പരയിലൂടെ പ്രശസ്തയായ എഴുത്തുകാരി ജെ കെ റൗളിങ്ങിനു വധഭീഷണി. ബ്രിട്ടീഷ് എഴുത്തുകാരന് സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച ട്വീറ്റിലാണു വധഭീഷണി ഉയര്‍ന്നത്.
എഴുപത്തി അഞ്ചുകാരനായ റുഷ്ദിക്കെതിരെ നടന്ന വധശ്രമത്തില്‍ ഭയം പ്രകടിപ്പിച്ച് ജെ കെ റൗളിങ് വെള്ളിയാഴ്ചയാണു ട്വീറ്റ് ചെയ്തത്. ”ഭയപ്പെടുത്തുന്ന വാര്‍ത്ത. ഇപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നുന്നു. അദ്ദേഹം സുഖമായിരിക്കട്ടെ,” എന്നായിരുന്നു ട്വീറ്റ്.
ഇതിനു മറുപടിയായി ”വിഷമിക്കേണ്ട, നിങ്ങളാണ് അടുത്തത്,” എന്നാണു മീര്‍ ആസിഫ് അസീസ് എന്ന ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചിരിക്കുന്നത്.
ഇതിന്റെ സ്ക്രീന്‍ഷോട്ട് ശനിയാഴ്ച പങ്കിട്ട റൗളിങ് ട്വിറ്റര്‍ സപ്പോര്‍ട്ടിനെ ടാഗ് ചെയ്തുകൊണ്ട് വിഷയം ശ്രദ്ധിക്കാനും ‘പിന്തുണയ്ക്ക് എന്തെങ്കിലും സാധ്യതയുണ്ടോ?’ എന്ന് ചോദിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് പിന്തുണ സന്ദേശങ്ങള്‍ക്കു നന്ദി പറഞ്ഞ റൗളിങ് വിഷയത്തില്‍ പൊലീസ് ഇടപെട്ടതായി കുറിച്ചിരുന്നു.
കമന്റ് റിപ്പോര്‍ട്ട് ചെയ്തതിനു മറുപടിയായുള്ള ട്വിറ്റര്‍ ഫീഡ്ബാക്കിന്റെ സ്ക്രീന്‍ഷോട്ട് റൗളിങ് പിന്നീട് പങ്കിട്ടു. ‘നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഉള്ളടക്കത്തില്‍ ട്വിറ്റര്‍ നിയമങ്ങളുടെ ലംഘനങ്ങളൊന്നുമില്ല’ എന്നാണ് ഇതില്‍ പറയുന്നത്.
റൗളിങ്ങിനെതിരെ ഭീഷണി മുഴക്കിയ മീര്‍ ആസിഫ് അസീസ്, സല്മാന് റുഷ്ദിയെ ആക്രമിച്ചയാളുടെ ചിത്രം നേരത്തെ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ‘ഇദ്ദേഹത്തിന്റെ പേര് ഹാദി മാറ്റര്‍. ‘ആയത്തൊള്ള ഖൊമേനിയുടെ ഫത്വ പാലിച്ച വിപ്ലവകാരിയായ ഷിയാ പോരാളി’ എന്നാണ് ഇയാള്‍ ചിത്രത്തിനൊപ്പം കുറിച്ചത്.
റൗളിങ്ങിനെതിരായ ഭീഷണിയെ ‘ഹാരി പോട്ടര്‍’ ഫിലിം ഫ്രാഞ്ചൈസിക്കു പിന്നിലെ സ്റ്റുഡിയോയായ വാര്‍ണര്‍ ബ്രോസിന്റെ ഉടമസ്ഥതയിലുള്ള മീഡിയ കൂട്ടായ്മയായ വാര്‍ണര്‍ ബ്രോസ് ഡിസ്കവറി പ്രസ്താവനയില്‍ അപലപിച്ചു. തങ്ങള്‍ റൗളിങ്ങിനൊപ്പമുണ്ടെന്നു പ്രസ്താവനയില്‍ പറഞ്ഞു.
റുഷ്ദിക്കെതിരായ ആക്രമണത്തെയും അപലപിച്ച പ്രസ്താവന, സര്‍ഗാത്മകതയും അഭിപ്രായങ്ങളും ധീരമായി പ്രകടിപ്പിക്കുന്ന എല്ലാ രചയിതാക്കള്‍ക്കും കഥാകൃത്തുക്കള്‍ക്കും സ്രഷ്ടാക്കള്ക്കൊപ്പമാണെു തങ്ങളെന്നും കൂട്ടിച്ചേര്‍ത്തു.
വെസ്റ്റേണ്‍ ന്യൂയോര്‍ക്കിലെ ഷൗട്ടക്വാ ഇന്‍സ്റ്റിറ്റിയൂഷന്റെ സാഹിത്യ പരിപാടിയുടെ വേദിയില്‍ ആക്രമിക്കപ്പെട്ട സല്മാന് റുഷ്ദിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. അദ്ദേഹത്തിന് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയുന്നുണ്ട്.
‘ദ സാത്താനിക് വേഴ്സ്’ എഴുതിയതിന് ശേഷം വര്‍ഷങ്ങളോളം ഇസ്ലാമിസ്റ്റ് വധഭീഷണി നേരിടുന്ന റുഷ്ദിയെ വെള്ളിയാഴ്ചയാണു ലെബനീസ് വംശജനായ ഹാദി മാറ്റര്‍ എന്ന ഇരുപത്തിനാലുകാരനായ ന്യൂജേഴ്സി നിവാസി കുത്തിപ്പരുക്കേല്‍പ്പിച്ചത്. കഴുത്തിന്റെ മുന്‍ഭാഗത്ത് വലതുവശത്ത് മൂന്ന്, വയറ്റില്‍ നാല്, വലതു കണ്ണിലും നെഞ്ചിലും ഒരോന്ന്, വലത് തുടയില്‍ ഒന്ന് എന്നിങ്ങനെയാണ് അദ്ദേഹത്തിനു കുത്തേറ്റത്. സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്ത അക്രമിക്കെതിരെ വധശ്രമ കുറ്റമാണു ചുമത്തിയിരിക്കുന്നത്.
ട്രാന്‍സ്ജെന്‍ഡറുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ മുമ്പ് ജെ കെ റൗളിങ് മുന്‍പ് വിമര്‍ശിക്കപ്പെട്ടിരുന്നു.