ശ്രീനഗർ: കുൽഗാമിൽ റിപ്പോർട്ടർമാരായി ചമഞ്ഞെത്തിയ ഭീകരർ സൈനികനെ വെടിവച്ചു കൊന്നു. മകന്റെ മരണവിവരം അറിഞ്ഞ് വീട്ടിലേക്കെത്തിയ മുക്തർ അഹമ്മദ് മാലിക്കിനെയാണ് ഭീകരർ വെടിവച്ച് കൊന്നത്. അവധിയിലിരിക്കെ ഭീകരരുടെ വെടിയേറ്റ് അടുത്തിടെ കൊല്ലപ്പെടുന്ന നാലാമത്തെ സൈനികനാണ് മാലിക്.

ഏതാനും ആഴ്ചകൾക്കു മുൻപുണ്ടായ അപകടത്തിൽ മാലിക്കിന്റെ മകന് ഗുരുതര പരുക്കേറ്റ് കോമയിലായിരുന്നു. ”മൂന്നു ദിവസം മുൻപാണ് മകൻ മരിച്ചത്. ഈ വിവരം അറിഞ്ഞാണ് നീണ്ട നാളുകൾക്കുശേഷം മാലിക് വീട്ടിലേക്കെത്തിയത്. ഇന്നു രാവിലെ ഒരു കൂട്ടം ഭീകരർ വീട്ടിലെത്തി അദ്ദേഹത്തിന്റെ നെറ്റിയിൽ വെടിവയ്ക്കുകയായിരുന്നു”, മാലിക്കിന്റെ ബന്ധു പറഞ്ഞു.

തങ്ങൾ മാധ്യമപ്രവർത്തകരാണെന്നും മാലിക്കിനെ കാണണമെന്നും പറഞ്ഞാണ് ഭീകരർ വീട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ”ഭീകരർ റൂമിലേക്ക് കയറിയപ്പോൾ അവിടെ മാലിക്കും മറ്റുളള ബന്ധുക്കളും ദുഃഖത്തോടെ തറയിൽ ഇരിക്കുകയായിരുന്നു. ആൾക്കൂട്ടത്തിനിടയിൽനിന്നും മാലിക്കിനെ തിരിച്ചറിഞ്ഞ ഭീകരർ വെടിവച്ചശേഷം അവിടെ നിന്നും ഓടി രക്ഷപ്പെട്ടു”, ബന്ധു പറഞ്ഞു.

വീട്ടിൽവച്ചാണ് മാലിക് വെടിയേറ്റ് കൊല്ലപ്പെട്ടത്. മകന്റെ മരണത്തെ തുടർന്നാണ് അദ്ദേഹം വീട്ടിലേക്ക് പോയത്, കുൽഗാം സൂപ്രണ്ട് ഓഫ് പൊലീസ് ഹർമീത് സിങ് ഇന്ത്യൻ എക്‌സ്‌പ്രസ്സിനോട് പറഞ്ഞു.

മാലിക് കൊല്ലപ്പെട്ടതിനുപിന്നാലെ വിവരം അറിഞ്ഞ് വീട്ടിലേക്കെത്തിയ റിപ്പോർട്ടർമാരെ കുടുംബാംഗങ്ങൾ കൈയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു.

ജമ്മു കശ്മീരിലെ സായുധസേനയായ ഇഖ്‌വാനിലെ ടോപ് കമാൻഡർ ആയിരുന്നു മാലിക്. ഭീകരർക്ക് കീഴടങ്ങാൻ അവസരം ഒരുക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് 1990 കളിൽ കീഴടങ്ങിയ ഭികരരെയും ഉൾപ്പെടുത്തി ഇഖ്‌വാൻ സായുധസേനയ്ക്ക് രൂപം കൊടുത്തത്. ഇഖ്‌വാനിൽനിന്നും പിന്നീട് മാലിക് ടെറിട്ടോറിയൽ ആർമിയിൽ ചേർന്നു. 162 ബറ്റാലിയനിലാണ് മാലിക് സേവനം അനുഷ്ഠിച്ചിരുന്നത്.

1990 ന്റെ ആദ്യകാലങ്ങളിൽ കുൽഗാമിലെ കുപ്രസിദ്ധ ഭീകരനായിരുന്നു മാലിക്കെന്ന് ഗ്രാമവാസികൾ പറഞ്ഞു. നിരവധി ഗ്രാമീണരെ കൊല്ലുകയും മുൻ എംഎൽഎ അബ്ദുൾ റസാഖ് മിറിന്റെ കൊലപാതകത്തിൽ മാലിക്കിന് പങ്കുണ്ടെന്നും ഗ്രാമവാസികൾ പറഞ്ഞു.വളരെ അപൂർവ്വമായിട്ടേ മാലിക്ക് വീട്ടിൽ വരാറുളളൂ. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഒരിക്കൽപ്പോലും അദ്ദേഹം വീട്ടിൽ വന്നതായി തനിക്ക് ഓർമ്മയില്ലെന്നും അയൽവാസി പറഞ്ഞു.

തെക്കൻ കശ്മീരിൽ കഴിഞ്ഞ 18 മാസത്തിനിടെ അവധിക്ക് വീട്ടിലേക്ക് പോയ നാലു സൈനികരെയാണ് ഭീകരർ കൊലപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ