ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. ശ്രീനഗറിലെ മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായിരുന്നു ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

ലാല്‍ ചോക്കില്‍നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള ഹരിസിങ് ഹൈ സ്ട്രീറ്റ് മാര്‍ക്കറ്റിലാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. മാര്‍ക്കറ്റിലെ കടകള്‍ ഇതോടെ അടച്ചു. ഓഗസ്റ്റ് അഞ്ച് മുതല്‍ മേഖലയില്‍ നിലനിന്നു വരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോഴാണ് ആക്രമണം.

നേരത്തെ, ഒക്ടോബര്‍ 5 ന് അനന്ത്നാഗിൽ സമാനമായ ആക്രമണം നടന്നിരുന്നു. അനന്ത്‌നാഗിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിന് പുറത്ത് നടന്ന ഗ്രനേഡ് സ്‌ഫോടനത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയ ഭീകരർ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിന് പുറത്തെ പൊലീസ് പട്രോൾ വാഹനത്തിന് നേരെ ഗ്രനേഡ് എറിയുകയായിരുന്നു. എന്നാൽ, ലക്ഷ്യം തെറ്റി ഗ്രനേഡ് റോഡിൽ വീഴുകയുമായിരുന്നു.

ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനെത്തുടര്‍ന്ന് കശ്മീരില്‍ ഒരു വെടിയൊച്ച പോലും കേട്ടിട്ടില്ലെന്ന് അമിത് ഷാ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. കശ്മീരില്‍ രക്തച്ചൊരിച്ചിലാണെന്ന തരത്തില്‍ പലരും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഷാ പറഞ്ഞിരുന്നു.

ജമ്മു കശ്മീരിലെ എല്ലാ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോൺ സേവനങ്ങളും പുനഃസ്ഥാപിക്കുമെന്ന്  അൽപ്പം മുൻപ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ സേവനങ്ങള്‍ പുനഃസ്ഥാപിക്കുമെന്നാണ് അറിയിച്ചത്. 68 ദിവസത്തിനുശേഷമാണു കശ്മീരിൽ മൊബൈല്‍ വിനിമയ ബന്ധം പുനഃസ്ഥാപിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഓഗസ്റ്റ് അഞ്ചു മുതല്‍ ആശയ വിനിമയ സംവിധാനങ്ങള്‍ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു. ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാണെന്നു ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ പറഞ്ഞു.

ഭീകരുടെയും വിഘടനവാദികളുടെയും ഭീഷണികള്‍ക്കു വഴങ്ങാതെ പതിവ് പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവരോടും വ്യവസായികളോടും വാഹനമുടമകളോടും സര്‍ക്കാര്‍ ആഹ്വാനം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook