/indian-express-malayalam/media/media_files/uploads/2018/11/Governor.jpg)
ശ്രീനഗർ: ജമ്മു കാശ്മീരിൽ ഗവർണർ സത്യപാൽ മാലിക് നിയമസഭ പിരിച്ചുവിട്ടു. പിഡിപി സർക്കാരുണ്ടാക്കാൻ അവകാശ വാദം ഉന്നയിച്ച് മണിക്കൂറുകൾക്കകമാണ് നടപടി. ബദ്ധശത്രുവായ നാഷണൽ കോൺഫറൻസിന്റെയും കോൺഗ്രസിന്റെയും പിന്തുണയോടെയാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപി സർക്കാരുണ്ടാക്കാൻ അവകാശ വാദം ഉന്നയിച്ചത്.
ബിജെപി പ്രതീക്ഷിക്കാത്ത നീക്കമാണ് കോൺഗ്രസ് ഇടപെട്ട് സാധ്യമാക്കിയത്. ഇതിന് പിന്നാലെയാണ് സഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാൻ ഗവർണർ ഉത്തരവിട്ടത്. മെഹബൂബ മുഫ്തിയാണ് സർക്കാരുണ്ടാക്കാൻ പിഡിപിയുടെയും കോൺഗ്രസിന്റെയും പിന്തുണയുണ്ടെന്ന് അറിയിച്ച് പ്രസ്താവന പുറത്തിറക്കിയത്.
പിഡിപിയുടെ നേതാവായ അൽത്താഫ് ബുഖാരി മുഖ്യമന്ത്രിയാകുമെന്നാണ് മുഫ്തി അറിയിച്ചിരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് വിശാല സഖ്യ നീക്കവുമായി മുന്നോട്ട് പോകുന്ന കോൺഗ്രസിന് ഊർജ്ജം നൽകുന്നതായിരുന്നു ഈ സഖ്യം.
രൂപീകരിക്കപ്പെട്ട കാലം മുതൽ ശത്രുപക്ഷത്തായിരുന്ന പിഡിപിയെയും നാഷണൽ കോൺഫറൻസിനെയും ഒരേ കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചതിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അഭിമാനിക്കാനും ഏറെയുണ്ടായിരുന്നു. എന്നാൽ രാഷ്ട്രീയപരമായി ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു.
കാശ്മീരിൽ 87 അംഗ നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി പിഡിപിയാണ്. 28 സീറ്റുകളിലാണ് പിഡിപി വിജയിച്ചത്. ബിജെപിയ്ക്ക് 25 അംഗങ്ങളുണ്ട്. നാഷണൽ കോൺഫറൻസിന് 15 ഉം കോൺഗ്രസിന് 12 ഉം അംഗങ്ങളാണ് ഉളളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.