ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്‌പില്‍ നാല് ബിഎസ്എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. സാംബ ജില്ലയിലെ ചംലിയാല്‍ പ്രദേശത്ത് നടന്ന വെടിവയ്‌പില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെയുളള സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. മൂന്ന് ജവാന്മാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അസിസ്റ്റന്റ് കമാന്‍ഡന്റായ ജതീന്ദര്‍​ സിങ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടര്‍ രാം നിവാസ് എന്നിവരും രണ്ട് കോണ്‍സ്റ്റബിളുമാരുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ബിഎസ്എഫുമായി പാക് റേഞ്ചര്‍ സേന വെടിനിര്‍ത്തലിന് സമ്മതിച്ചതിന് പിന്നാലെയാണ് പ്രകോപനം ഉണ്ടായത്. ചൊവ്വാഴ്‌ച അര്‍ദ്ധരാത്രിയോടെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാക് സേന വെടിവച്ചത്.

രാത്രി നിരീക്ഷണത്തിന് ഇന്ത്യന്‍ സേന നീങ്ങവെയാണ് വെടിവയ്‌പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് പേര്‍ സ്ഥലത്ത് വച്ച് തന്നെ മരിച്ചപ്പോള്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ആശുപത്രിയിലാണ് മരിച്ചത്. ഒരു മണിക്കൂറോളം വെടിവയ്‌പ് തുടര്‍ന്നതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ