ന്യൂഡൽഹി: ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. ”ജമ്മു കശ്മീരിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ചും അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം കുറഞ്ഞതിനെക്കുറിച്ചും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായി” മെഹബൂബ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി സ്വീകരിച്ച നടപടികൾ പിന്തുടരുമെന്ന് നരേന്ദ്ര മോദി പലതവണ പറഞ്ഞതായും മെഹബൂബ വ്യക്തമാക്കി. വാജ്പേയി തുടങ്ങിവച്ച ചർച്ചകൾ പുനരാരംഭിക്കുക മാത്രമാണ് കശ്മീരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുളള ഒരേയൊരു വഴിയെന്നും മെഹബൂബ പറഞ്ഞു. കല്ലേറും വെടിവയ്പും നടക്കുന്നതിനിടെ ചർച്ചകൾ സാധ്യമല്ലെന്നും അവർ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായും മെഹബൂബ കൂടിക്കാഴ്ച നടത്തി. രണ്ടു മൂന്നു മാസത്തിനുളളിൽ ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ പൂർണമായും മാറുമെന്ന് രാജ്നാഥ് സിങ്ങുമായുളള കൂടിക്കാഴ്ചയ്ക്കുശേഷം മെഹബൂബ പറഞ്ഞു. കശ്മീരിലെ പ്രശ്നങ്ങൾ അവസാനിക്കാൻ ഓരോരുത്തരുടെയും പിന്തുണ സംസ്ഥാന സർക്കാരിന് ആവശ്യമാണെന്നും അവർ പറഞ്ഞു.

കശ്മീരിൽ അടുത്തിടെ വൻ പ്രതിഷേധങ്ങൾ നടന്നിരുന്നു. ശ്രീനഗർ ഉപതിരഞ്ഞെടുപ്പിൽ സുരക്ഷാ സേനയും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സുരക്ഷാ സേനയ്ക്കുനേരെ കല്ലേറ് ഉണ്ടാകുന്ന സംഭവങ്ങൾ കശ്മീരിൽ വർധിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ