ശ്രീനഗർ: സംഘർഷം തുടരുന്ന ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ ഭീകരർ സൈന്യത്തിന് നേരെ ഗ്രനേഡാക്രമണം നടത്തി. ഒൻപത് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.

പുൽവാമ ജില്ലയിലെ ട്രാൽ ഏരിയയിലെ ലഡിയാർ ഗ്രാമത്തിലെ സിആർപിഎഫ് സൈനിക ക്യാംപിന് നേരെയാണ് ആക്രമണം ഉണ്ടായത്. സിആർപിഎഫ് 180 ബറ്റാലിയനാണ് ഇവിടെ ക്യാംപ് ചെയ്തിരുന്നത്. ക്യാംപിന് അകത്താണ് ഗ്രനേഡ് വന്ന് വീണത്. ഇത് പൊട്ടിത്തെറിച്ചതിന് പിന്നാലെ മൂന്ന് പേർക്ക് സാരമായ നിലയിൽ പരിക്കേറ്റു.

ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം സിആർപിഎഫ് ജവാന്മാർ ഭീകരരെ നേരിടാനായി സജ്ജരായി. മണിക്കൂറുകൾക്ക് ശേഷം ട്രാലിലെ മറ്റൊരിടത്ത് ക്യാംപ് ചെയ്തിരുന്ന സിആർപിഎഫ് ജവാന്മാർക്ക് നേരെയും ആക്രമണം ഉണ്ടായി.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് സൈനിക ക്യാംപിലേക്ക് ഗ്രനേഡുകൾ എറിയുന്നത്. ഞായറാഴ്ചയും സമാനമായ ആക്രമണം ട്രാലിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ