ശ്രീനഗര്‍: കശ്മീരി യുവാവിനെ ജീപ്പില്‍ മനുഷ്യകവചമായി കെട്ടിയിട്ട സംഭവത്തില്‍ സൈന്യത്തിനെതിരെ ജമ്മു കശ്മീര്‍ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജമ്മു കശ്മിര് പൊലിസിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവം നടന്നതെന്ന് കരുതുന്ന ബുദ്ഗാം ജില്ലയിലെ ബീര്വയിലാണ് പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്.
ഏപ്രീല്‍ 9ന് നടന്ന ഉപതെരഞ്ഞടുപ്പിനിടെയാണ് കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി സൈന്യം യുവാവിനെ മനുഷ്യകവചമാക്കിയത്. എന്നാല്‍ തന്റെ ജീവിതത്തില്‍ ഇത് വരെ താന്‍ സൈന്യത്തിനെതിരെ കല്ലേറ് നടത്തിയിട്ടില്ലെന്നാണ് ഇരയാക്കപ്പെട്ട 26കാരനായ ഫറൂഖ് അഹമ്മദ് ദര് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞത്.
“ഞാന്‍ ഷാളുകള്‍ നെയ്യുന്ന ഒരു തൊഴിലാളിയാണ്. മരപ്പണിയും ചെയ്യാറുണ്ട്. ഇത് മാത്രമാണ് താന്‍ ചെയ്യാറുള്ളതെന്നും ജീവിതത്തില്‍ ഇതുവരെ കല്ലേറ് നടത്തിയിട്ടില്ലെന്നും” ഫറൂഖ് പറഞ്ഞു.
സൈന്യം നാല് മണിക്കൂറോളം ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത് കാരണം വീര്‍ത്തുതടിച്ച കൈയില്‍ ബാന്‍ഡേജ് കെട്ടി കോട്ട്ലി ജില്ലയിലെ ചിലില്‍ തന്റെ വീട്ടിലായിരുന്നു ഫറൂഖ് ഉണ്ടായിരുന്നത്. ഏപ്രില്‍ 9ന് രാവിലെ 11 മണി മുതല്‍ നാല് മണിക്കൂറോളം തന്നെ കെട്ടിയിട്ട് സൈന്യം പരേഡ് നടത്തിയതായി അദ്ദേഹം ആരോപിച്ചു.