ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിയിലെ അവസാന നാളുകളെ കുറിച്ച് ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തലുകള്‍. തന്റെ അന്ത്യ നാളുകളില്‍ പലതരം മാനസികാവസ്ഥകളിലൂടെ ആയിരുന്നു ജയലളിത കടന്നു പോയിരുന്നതെന്ന് ഡോക്ടര്‍ ശില്പ പറഞ്ഞതായി അന്വേഷണ കമ്മീഷന്.
‘ഇടയ്ക്കിടയ്ക്ക് അവരുടെ മൂഡ് മാറുമായിരുന്നു. ഇടയ്ക്ക് ചിരിക്കും. ചിലപ്പോള്‍ പറയും ഒറ്റയ്ക്കിരിക്കണം എന്ന്,’ ജയലളിതയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ശില്പയെ ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മീഷന് പറയുന്നു. ക്രിട്ടിക്കല്‍ കെയര്‍ ഡ്യൂട്ടി ഡോക്ടറായിരുന്ന ശില്പ 2016 ഒക്ടോബര്‍ നാലു മുതല്‍ ഡിസംബര്‍ നാല് വരെ ജയലളിതയെ പരിചരിച്ചിട്ടുണ്ട്. 2017ലാണ് ഡോക്ടര്‍ ശില്പ അപ്പോളോ ആശുപത്രിയില്‍ നിന്നും രാജിവയ്ക്കുന്നത്.
അപ്പോളോ ആശുപത്രിയില്‍ 75 ദിവസം നീണ്ടു നിന്ന ചികിത്സയ്ക്ക് ശേഷം 2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിച്ചത്. ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന് ആരോപിച്ച് നിരവധി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്.