ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിത ആശുപത്രിയിൽ കഴിഞ്ഞിരുന്ന 75 ദിവസവും അപ്പോളോ ആശുപത്രിയിലെ സിസിടിവി ക്യാമറകൾ ഓഫ് ആയിരുന്നുവെന്ന് ആശുപത്രി ചെയർമാൻ ഡോ.പ്രതാപ് സി.റെഡ്ഡി. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ.അറുമുഖം സ്വാമി കമ്മിഷനു മുൻപാകെ എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

24 കിടക്കകളുളള ഐസിയു മുറിയിൽ ജയലളിതയെ മാത്രമാണ് അഡ്മിറ്റ് ചെയ്തിരുന്നത്. അവിടെയുണ്ടായിരുന്ന എല്ലാ രോഗികളെയും മറ്റൊരു ഐസിയുവിലേക്ക് മാറ്റി. ജയലളിതയ്ക്കുവേണ്ടി മാത്രമായി ആ ഐസിയു മുറി മാറ്റി. ജയലളിതയെ ആരും കാണാതിരിക്കാനാണ് ക്യാമറകൾ സ്വിച്ച് ഓഫ് ചെയ്തത്. ജയലളിതയെ കാണാൻ ആരെയും അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രിക്ക് ചില പോളിസികൾ ഉണ്ട്. അടുത്ത ബന്ധുക്കളെ ഒഴികെ ആരെയും ഐസിയുവിലേക്ക് പ്രവേശിപ്പിക്കില്ല. അവർക്കും വളരെ കുറച്ച് സമയം മാത്രമേ അനുവദിക്കൂ. ജയലളിതയുടെ നില ഗുരുതരമായ സമയത്ത് ആരെയും ഐസിയുവിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. ആ സമയത്ത് ബന്ധുക്കൾക്ക് പ്രവേശനം ആവശ്യപ്പെടാം. പക്ഷേ ആ സമയത്ത് ഡ്യൂട്ടിയിലുളള ഡോക്ടർക്ക് മാത്രമേ അതിന് അനുവാദം നൽകാൻ അധികാരമുളളൂവെന്നും അദ്ദേഹം പറഞ്ഞു.

75 ദിവസത്തോളം ജയലളിത ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഈ ദിവസമത്രയും വാർഡ് ജീവനക്കാർ മുതൽ ടെക്നീഷ്യൻസ് വരെയും നഴ്സ് മുതൽ ഡോക്ടർമാർ വരെയും എല്ലാവരും അവർക്ക് നല്ല പരിചരണമാണ് നൽകിയത്. വിദേശരാജ്യങ്ങളിൽനിന്നും ചികിൽസയ്ക്കായി ഡോക്ടർമാർ എത്തി. അവർ രക്ഷപ്പെടുമെന്ന് ഞങ്ങൾക്ക് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. പക്ഷേ പെട്ടെന്നുണ്ടായ ഹൃദയാഘാതം എല്ലാ പ്രതീക്ഷയും കെടുത്തി- ഡോ.പ്രതാപ് റെഡ്ഡി പറഞ്ഞു

2016 സെപ്റ്റംബർ 22 നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഡിസംബർ 4 ന് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് ജയലളിത മരണമടഞ്ഞത്.

വാഷ്റൂമിൽ കുഴഞ്ഞുവീണ ജയലളിത ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചുവെന്ന് വി.കെ.ശശികല അന്വേഷണ കമ്മീഷനു മുൻപാകെ പറഞ്ഞിരുന്നു. 2016 സെപ്റ്റംബർ 22ന് ചെന്നൈയിലെ പോയസ് ഗാർഡൻ വസതിയിലെ വാഷ്റൂമിലാണ് ജയലളിത കുഴഞ്ഞുവീണത്. രാത്രി 9.30 ഓടെയായിരുന്നു സംഭവം. സഹായത്തിനായി എന്നെ ഉറക്കെ വിളിച്ചു. ആശുപത്രിയിൽ പോകാമെന്ന് ഞാൻ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ജയലളിതയുടെ വാക്കുകൾ കേൾക്കാതെ ഒടുവിൽ ഞാൻ ഡോക്ടറെ വിളിച്ച് ആംബുലൻസ് അയയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും ശശികല പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook