രാജ്യത്തെ തന്നെ ഏറ്റവും വലിയ ലൈബ്രറികളില്‍ ഒന്നായ ചെന്നൈയിലെ അണ്ണാ സെന്റിനറി ലൈബ്രറി ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റാന്‍ ജെ ജയലളിത തീരുമാനമെടുക്കുന്നത് 2012 മെയ് മാസത്തിലാണ്. കെ കരുണാനിധി സ്ഥാപിച്ച, വിലമതിക്കാനാവാത്ത പുസ്തകങ്ങള്‍ ഉള്ള ആ ലൈബ്രറിയെ രാഷ്ട്രീയക്കണക്കുകള്‍ തീര്‍ക്കാനായി ജയലളിത ഉപയോഗിക്കാന്‍ ശ്രമിച്ചത് പുസ്തകപ്രേമികളെ ഞെട്ടിച്ച സംഭവമായിരുന്നു. ആ പ്രശ്നങ്ങളെയെല്ലാം ലൈബ്രറി അതിജീവിച്ചു എന്നത് ചരിത്രം.

ഇപ്പോള്‍, ജയലളിതയുടെ മരണാനന്തരം, ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള അവരുടെ ‘വേദ നിലയം’ എന്ന വസതി, ഒരു മ്യൂസിയം സ്ഥാപിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുമ്പോള്‍ കാലം കാത്ത് വയ്ക്കുന്നത് മറ്റൊരു കഥയാണ്. ജയലളിത എന്ന പുസ്തകപ്രേമിയുടെ, അത്യുത്സുകയായ വായനക്കാരിയുടെ കഥ. ‘തിരുക്കുറള്‍’ തുടങ്ങി ‘ഇന്ത്യയെ കണ്ടെത്തല്‍’വരെയുള്ള, ജീവചരിത്രങ്ങൾ തൊട്ടു ജേണലുകൾ വരെ നിറയുന്ന, 8,376 പുസ്തകങ്ങളുടെ ഉടമയായ ‘പുരട്ചിതലൈവി’യുടെ കഥ.

‘വേദ നിലയ’ത്തിന്റെ ഒന്നാം നിലയില്‍ മണിക്കൂറുകള്‍ നീണ്ട വായനയില്‍ മുഴുകിയിരുന്ന, തന്റെ പുസ്തകങ്ങളെ സീരിയൽ നമ്പറുകളും ടൈറ്റിൽ സ്റ്റിക്കറുകളും നല്‍കി അടുക്കി വച്ച് സ്നേഹത്തോടെ പരിപാലിച്ചിരുന്ന ജയലളിതയെ, അവരുമായും ആ വീടുമായും അടുപ്പമുള്ളവര്‍ ഓര്‍ക്കുന്നുണ്ട്.

തമിഴ്നാട് സർക്കാർ ഇപ്പോള്‍ പട്ടികയില്‍പ്പെടുത്തിയ ‘വേദ നിലയ’ത്തിലെ 32,721 ‘movable properties’ന്റെ ഭാഗമാണ് ഈ 8,376 പുസ്തകങ്ങൾ..

jayalalithaa, former tamil nadu cm, aiadmk, anna centenary library, jayalalithaa residence, jayalalithaa libraries, indian express

ജയലളിതയുടെ പുസ്തകശേഖരത്തിന്റെ 75 ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങളാണെന്ന് ലൈബ്രറി സന്ദർശിച്ച ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പെരിയാർ ഇ വി രാമസാമി (ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ), മുൻ മുഖ്യമന്ത്രി അണ്ണാദുരൈ എന്നിവരുടെ കൃതികൾ അവരുടെ തമിഴ് ശേഖരത്തിലുണ്ടായിരുന്നു. ‘തിരുക്കുറലി’ന്റെ വിവർത്തനങ്ങൾ, ആദി ശങ്കരാചാര്യരുടെ കൃതികള്‍, കവി കണ്ണദാസന്റെ ‘അര്‍ത്ഥമുള്ള ഇന്ദുമതം’ എന്നിങ്ങനെയുള്ള പുസ്തകങ്ങളുള്ള ലൈബ്രറിയില്‍ നെഹ്‌റുവിന്റെ ‘ഡിസ്കവറി ഓഫ് ഇന്ത്യ’യ്ക്ക് പ്രധാനസ്ഥാനമുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമത്തെക്കുറിച്ചുള്ള വിവിധ പുസ്തകങ്ങളും, അണ്ണാദുരൈ, എ.ഐ.എ.ഡി.എം.കെ സ്ഥാപകന്‍ എം ജി രാമചന്ദ്രന്‍ എന്നിവരുടെ രാഷ്ട്രീയജീവിതങ്ങളെക്കുറിച്ച് സംസ്ഥാന സർവ്വകലാശാലകൾ പ്രസിദ്ധീകരിച്ച അനേകം ഡോക്ടറൽ പ്രബന്ധങ്ങളും, അഗത ക്രിസ്റ്റിയുടെ നോവലുകളും ഖുശ്വന്ത് സിങ്ങിന്റെ കൃതികളും ലൈബ്രറിയിലുണ്ട്.

മുൻ അമേരിക്കൻ പ്രസിഡന്റുമാരായ റൊണാൾഡ് റീഗൻ, അബ്രഹാം ലിങ്കൺ എന്നിങ്ങനെയുള്ള ലോക നേതാക്കളുടെ ജീവചരിത്രങ്ങളും ആത്മകഥകളും അവരുടെ ‘ഇഷ്ടവിഷയങ്ങളില്‍’ ഉൾപ്പെടുന്നു.

‘ഈ പുസ്തകങ്ങളിലെല്ലാം, റഫറൻസുകൾക്കും തുടര്‍ വായനയ്ക്കുമായി നടത്തിയിട്ടുള്ള ബുക്ക്മാർക്കുകളുണ്ടായിരുന്നു,’ ഉദ്യോഗസ്ഥൻ പറഞ്ഞു.

ജയലളിതയുടെ ലൈബ്രറിയ്ക്ക് രണ്ട് ഭാഗങ്ങളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു: ഒരു ഭാഗത്ത് പുസ്തക അലമാരകളും മറ്റൊരു ഭാഗത്ത് ജേണലുകളുടെ ശേഖരവും ഇരുന്നു വായിക്കാനുള്ള ഇടവും (റീഡിംഗ് കോര്‍ണര്‍). ‘വീട്ടില്‍ അസാധാരണമായി ഒന്നുമില്ല. കാൽമുട്ടിന് പ്രശ്‌നമുണ്ടായതിനാൽ ഒന്നാം നിലയിലേക്ക് പോകനായുള്ള ഒരു ലിഫ്റ്റ് ഒഴിച്ചാല്‍. അതിഥികളുമായും വീട്ടിലുള്ള മറ്റുള്ളവരുമായും ആശയവിനിമയം നടത്താൻ ഒരു ഇന്റർകോം സംവിധാനവുമുണ്ട്,’ അദ്ദേഹം പറഞ്ഞു.

Read in IE: Inside Jayalalithaa’s library: 8,376 books, Tirukkural to Discovery of India

jayalalithaa, former tamil nadu cm, aiadmk, anna centenary library, jayalalithaa residence, jayalalithaa libraries, indian express

മൂന്ന് പതിറ്റാണ്ടോളംവി കെ ശശികല, സഹോദരി ഇലവരാസി അവരുടെ മക്കള്‍ എന്നിവര്‍ക്കൊപ്പം ജയലളിത ‘വേദനിലയത്തില്‍’ താമസിച്ചിട്ടുണ്ട്. സ്വത്ത് കേസിൽ ജയലളിതയ്‌ക്കൊപ്പം ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ശശികലയും ഇലവരസിയും ബെംഗളൂരു ജയിലിലാണ്.

വലുതാണെങ്കിലും ‘ലളിതമായ’ കിടപ്പുമുറിയാണ് ജയലളിതയുടെയെങ്കില്‍, ധാരാളം സ്റ്റേഷനറികളും നിവേദനങ്ങളും പേപ്പറുകളും കൊണ്ട് നിറഞ്ഞ ചെറിയ കിടപ്പുമുറിയാണ് ശശികലയുടേത്,’ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു.

ഒരു ദശകത്തിലേറെക്കാലം ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാർത്തികേയൻ അനുസ്മരിച്ചു, ‘പുതിയ പുസ്തകങ്ങള്‍ വരുന്നത് ഫോളോ ചെയ്യുകയും അവ വാങ്ങാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്യും. ഓരോ പുസ്തകത്തിന്റെയും മൂന്ന് പകർപ്പുകൾ ഓർഡർ ചെയ്യാറുണ്ടായിരുന്നു. ഓരോന്നും ഓരോ ലൈബ്രറിയിലേക്ക് – പോയ്സ് ഗാർഡൻ, സിരുതാവൂർ ബംഗ്ലാവ് (ചെന്നൈക്ക് സമീപം), കോടനാട് എസ്റ്റേറ്റ് (നീലഗിരിയിൽ). ഞാനും വായിക്കണം എന്നമ്മ ആവശ്യപ്പെടാറുണ്ടായിരുന്നു, പക്ഷേ ഞാൻ ഒരിക്കലും ചെയ്തിട്ടില്ല.’

ഒരു ദിവസം കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും വായനയ്ക്കായി ജയലളിത ചെലവഴിച്ചിരുന്നു എന്ന് ഇളവരസിയുടെ മകൾ ജെ കൃഷ്ണപ്രിയ പറഞ്ഞു. പത്തു വയസ്സില്‍, പിതാവിന്റെ മരണശേഷം അമ്മയ്ക്കും സഹോദരൻ വിവേക് ​​ജയരാമനുമൊപ്പം ‘വേദ നിലയ’ത്തിലേക്ക് താമസം മാറിയതാണ് കൃഷ്ണപ്രിയ.

‘അമ്മയുടെ ശേഖരത്തില്‍ ഉള്ള ഇംഗ്ലീഷ് ക്ലാസിക്കുകൾ, നോവലുകൾ, യക്ഷിക്കഥകൾ എന്നിവയാണ് വായനയിലേക്ക് തിരിയാന്‍ എന്നെ പ്രേരിപ്പിച്ചത്. പുസ്തകങ്ങളിൽ പലതും അവരുടെ സിനിമാക്കാലം മുതലുള്ളവയാണ്,’ കൃഷ്ണപ്രിയ പറഞ്ഞു.

2000 ന് ശേഷം ജയലളിതയുടെ വായന വാർത്തകളിലേക്ക് മാത്രമായി ചുരുങ്ങിയെങ്കിലും പുസ്തകങ്ങളോടുള്ള അവരുടെ പ്രണയം ഒരിക്കലും കുറഞ്ഞില്ല എന്നും കൃഷ്ണപ്രിയ കൂട്ടിച്ചേർത്തു.

‘അമ്മ ആശുപത്രിയിൽ ആയിരുന്നപ്പോൾ ഞാൻ അവസാനമായി നൽകിയത് വെയ്ൻ ഡയർ രചിച്ച ‘Wishes Fulfilled’ എന്ന പുസ്തകമാണ്. അതിനു മുമ്പ്, അമ്മ ബാംഗ്ലൂർ ജയിലിലേക്ക് പോയപ്പോള്‍, സി രാജഗോപാലാചാരി രചിച്ച ‘മഹാഭാരതം’ കൊടുത്തയയ്ക്കാൻ എന്നോട് ആവശ്യപ്പെട്ടു. അവര്‍ വായിച്ച അവസാന തമിഴ് പുസ്തകം അതായിരുന്നു.’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook