ന്യൂഡല്‍ഹി: നദീജല ആഡംബര ക്രൂയിസായ എം വി ഗംഗാ വിലാസ് യാത്രയ്ക്കിടെ ബിഹാറില്‍ കുടുങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ഡബ്ല്യു എ ഐ). യാത്രയുടെ മൂന്നാം ദിവസം കപ്പല്‍ ഛപ്രയില്‍ കുടുങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
”ഗംഗാ വിലാസ് ക്രൂയിസ് ഷെഡ്യൂള്‍ പ്രകാരം പട്നയിലെത്തി. കപ്പല്‍ ബിഹാറിലെ ഛപ്രയില്‍ കുടുങ്ങിയെന്ന വാര്‍ത്തയില്‍ സത്യമില്ല. ഷെഡ്യൂള്‍ അനുസരിച്ച് യാത്ര തുടരും,” ഐ ഡബ്ല്യു എ ഐ ചെയര്മാന് സഞ്ജയ് ബന്ദോപാധ്യായ ട്വിറ്റില്‍ കുറിച്ചു.
ദോരിഗാങ് പ്രദേശത്തിനു സമീപത്തെ ഛപ്രയിലെ ഗംഗ നദിയില്‍ ആഴം കുറഞ്ഞതിനാല്‍ കപ്പല്‍ കുടുങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണു ഐ ഡബ്ല്യു എ ഐ ചെയര്‍മാന്റെ വിശദീകരണമുണ്ടായത്.
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീ ക്രൂയിസായ എം വി ഗംഗാ വിലാസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു വെള്ളിയാഴ്ച ഫ്ളാഗ് ഓഫ് ചെയ്തത്.
വാരണാസിയില്‍നിന്നു പുറപ്പെട്ട കപ്പല്‍ 51 ദിവസത്തിനുള്ളില്‍ 27 നദീതടങ്ങളിലൂടെ 3,200 കിലോമീറ്റര്‍ സഞ്ചരിക്കും. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അഞ്ച് സംസ്ഥാനങ്ങളിലൂടെ ക്രൂയിസ് കടന്നുപോകും. അസമിലെ ദിബ്രുഗഡിലാണു യാത്രയുടെ അവസാനം.
ബിഹാറിലെ പട്ന, ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസാമിലെ ഗുവാഹതി, വാരണാസിയിലെ പ്രസിദ്ധമായ ഗംഗാ ആരതി, സാരാനാഥിലെ ബുദ്ധമതകേന്ദ്രം, അസമിലെ ഏറ്റവും വലിയ നദീദ്വീപായ മജുലി, ബിഹാര്‍ സ്കൂള്‍ ഓഫ് യോഗ, വിക്രംശില യൂണിവേഴ്സിറ്റി, ബംഗാളിലെ സുന്ദര്‍ബന്‍, അസമിലെ കാസിരംഗ ദേശീയ ഉദ്യാനം തുടങ്ങിയ പ്രധാന നഗരങ്ങള്‍, ലോക പൈതൃക കേന്ദ്രങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍, നദീഘട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള 50 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ യാത്രയുടെ ഭാഗമാണ്.
തുറമുഖ, ഷിപ്പിങ് ജലപാത മന്ത്രാലയമാണ് കപ്പല്‍ ടൂറിസം പദ്ധതിയുടെ കോര്‍ഡിനേറ്റര്‍.