ഹൈദരാബാദ്: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മകളും പ്രസിഡന്‍റിന്‍റെ ഉപദേശകയുമായ ഇവാൻക ട്രംപ് ഇന്ത്യയിലെത്തി. ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ (ജിഇഎസ്) പങ്കെടുക്കാനായാണ് അവര്‍ ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഇവാൻക ഇന്ത്യയിലെത്തിയിരിക്കുന്നത്. നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും ഇവാൻക കൂടിക്കാഴ്ച നടത്തി.

രാവിലെ ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയ ഇവാൻകയെ അധികൃതർ സ്വീകരിച്ചു. തൊഴിലിടത്തിൽ സ്ത്രീസാന്നിധ്യം വർധിപ്പിക്കുന്നതെങ്ങനെ എന്ന വിഷയത്തിൽ ഉച്ചകോടിയിൽ നടക്കുന്ന ചർച്ചയിലും അവർ പങ്കെടുക്കും. ‘വനിതകൾ ആദ്യം’ എന്നാണ് ഇത്തവണത്തെ പ്രമേയം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയ്ക്കും യുഎസിനും ഒരുമിച്ചു ഒരുപാടു കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് ഇവാന്‍ക പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ താന്‍ എറെ ആവേശത്തിലാണ്. ഇന്ത്യയെക്കുറിച്ചു കൂടുതൽ അറിയാമെന്നാണു പ്രതീക്ഷയെന്നും ഇവാന്‍ക പറഞ്ഞു. ഇവാന്‍കയ്ക്കു ഹൈദരാബാദിലെ താജ് ഫലാക്നുമ കൊട്ടാരത്തില്‍ പ്രധാനമന്ത്രി അത്താഴവിരുന്ന് ഒരുക്കും. 10,000 പൊലീസുകാരെ കൂടാതെ എസ്പിജി സുരക്ഷയും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്.

മുന്‍ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയാണ് ജിഇഎസ് ആരംഭിച്ചത്. ഇതാദ്യമായാണ് ജിഇഎസ് ഇന്ത്യയില്‍ നടക്കുന്നത്. നീതി ആയോഗാണ് പരിപാടിയുടെ സംഘാടകര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook