വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനൊപ്പം മകൾ ഇവാൻക ട്രംപും മരുമകൻ ജെറാദ് കഷ്നറും ഇന്ത്യയിലെത്തും. ഇവാൻകയും ജെറാദും യുഎസ് പ്രസിഡന്രിന്റെ ഉപദേശകരാണ്. ഫെബ്രുവരി 24 നാണ് ട്രംപ് ഇന്ത്യയിലെത്തുക. ഭാര്യ മെലാനിയയും ട്രംപിനൊപ്പമുണ്ട്. മെലാനിയയും ഇവാൻകയും ആദ്യമായിട്ടാണ് ഒരുമിച്ചൊരു വിദേശ രാജ്യം സന്ദർശിക്കുന്നതെന്നാണ് വിവരം.

ഇന്ത്യയിലെത്തുന്ന ട്രംപിന്റെ കുടുംബം അഹമ്മദാബാദിലേക്കായിരിക്കും ആദ്യം പോവുക. അവിടെനിന്നും ആഗ്രയിലെത്തി താജ്മഹൽ സന്ദർശിച്ചതിനുശേഷം 24 നു വൈകിട്ടു ഡൽഹിയിലെത്തും. 25 നാണ് ഉഭയകക്ഷി ചർച്ചയും കരാറുകളും.

വാണിജ്യ സെക്രട്ടറി വിൽബർ റോസ്, ഊർജ സെക്രട്ടറി ഡാൻ ബ്രോയിലറ്റ്, യുഎസ് ദേശീയ‌ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയാൻ, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മിക് മുൽ‌വനി എന്നിവരടങ്ങിയ ഉന്നതതല സംഘം ട്രംപിനെ അനുഗമിച്ച് ഇന്ത്യയിലെത്തുമെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസിന് വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം.

Read Also: മഠത്തിൽവച്ച് ഫ്രാങ്കോ കടന്നുപിടിച്ചു; ബിഷപ്പിനെതിരെ വീണ്ടും ലെെംഗികാരോപണം

ഇന്ത്യാ സന്ദർശനത്തിൽ വ്യാപാരം ചർച്ചയാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ”നരേന്ദ്ര മോദിയെ എനിക്ക് ഇഷ്ടമാണ്. ഞങ്ങൾ തമ്മിലുളള കൂടിക്കാഴ്ചയിൽ വ്യാപാരം ചർച്ച ചെയ്യും. ഇന്ത്യയിൽ ഇറക്കുമതി തീരുവ വളരെ കൂടുതലാണ്. ലോകത്തിൽവച്ച് ഇറക്കുമതി തീരുവ കൂടുതലുളള രാജ്യം ഇന്ത്യയാണ്” ട്രംപ് പറഞ്ഞു.

അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ തന്നെ സ്വീകരിക്കാൻ ഒരു കോടി ആളുകൾ എത്തുമെന്നും ട്രംപ് വ്യക്തമാക്കി. ”ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നിലേക്കുള്ള വഴിയിൽ 60 ലക്ഷം മുതൽ ഒരു കോടിയോളം ആളുകൾ എന്നെ സ്വീകരിക്കാൻ നിൽക്കുമെന്ന് ഞാൻ കേൾക്കുന്നു, അത് പുതിയതും മനോഹരവുമാണ്. ഒരു കോടി ആളുകൾ എന്നെ അഭിവാദ്യം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്” ട്രംപ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook