വാഷിങ്ടണ്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ വിധത്തിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ”ഇപ്പോള്‍ ഇന്ത്യ-പാക് ബന്ധം വളരെ മോശമാണ്. വളരെ അപകടരമായ അവസ്ഥയാണ്. ഇത് അവസാനിച്ചു കാണാനാണ് ആഗ്രഹിക്കുന്നത്. ഒരുപാട് പേര്‍ കൊല്ലപ്പെട്ടു. ഇത് അവസാനിക്കണം. അതിനായി ഞങ്ങള്‍ ശ്രമിക്കുകയാണ്” ട്രംപ് പറഞ്ഞു.

ആക്രമണത്തില്‍ 50 ഓളം പേരെ ഇന്ത്യക്ക് നഷ്ടമായി. ആ അവസ്ഥ തനിക്കും മനസിലാകുമെന്നും ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യ ആലോചിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പാക്കിസ്ഥാനുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് സൂചിപ്പിച്ചു.

അതേസമയം, ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക് സര്‍ക്കാര്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യാന്തര സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് പാക് നടപടി. പാക് പഞ്ചാബിലെ ബഹാവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം പാക് സര്‍ക്കാര്‍ പിടിച്ചെടുത്തതായി പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ ജെയ്‌ഷെ മുഹമ്മദ് നിയന്ത്രണത്തിലുള്ള രണ്ട് മദ്രസകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇവയുടെ നടത്തിപ്പിന് അഡ്മിനിസ്‌ട്രേറ്ററെ വച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം, കശ്മീരിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു.

ഭീകരവാദത്തെ തടയുന്നതിലും ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയുന്നതിലും ജെയ്ഷ മുഹമ്മദ്, ലഷ്‌കറെ തയിബ പോലുള്ള ഭീകരവാദ സംഘടനകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിലും പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് നേരത്തെ പറഞ്ഞിരുന്നു. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുന്നതായും എഫ്എടിഎഫ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook