ന്യൂഡല്‍ഹി: നമിബിയയില്‍ നിന്നെത്തിയ ചീറ്റപുലികളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്നലെ രാവിലെ മധ്യ പ്രദേശിലെ കുനൊ നാഷണല്‍ പാര്‍ക്കിലേക്ക് തുറന്നു വിട്ടത്. 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് ചീറ്റപുലികളുടെ സാന്നിധ്യമുണ്ടാകുന്നത്.
എട്ട് ചീറ്റകളില്‍ മൂന്നെണ്ണത്തിനെയാണ് പ്രധാനമന്ത്രി കൂട് തുറന്ന് വിട്ടത്. പിന്നീടാണ് ബാക്കിയുള്ളവയെ ഉദ്യാനത്തിലേക്ക് എത്തിച്ചത്. വളരെ പരിമിതമായ ചുറ്റുപാടിലായിരിക്കും ആദ്യ ദിനങ്ങളില്‍ ഇവയെ സൂക്ഷിക്കുക.
ചീറ്റകള്‍ക്ക് നാലിനും ആറിനും ഇടയിലാണ് പ്രായം. ആണ് ചീറ്റകളില്‍ രണ്ടെണ്ണം സഹോദരന്മാരാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചീറ്റകള്‍ അവരുടെ പുതിയ ലോകത്തെ പരിചയപ്പെടുന്ന നിമിഷങ്ങള്‍ പ്രധാനമന്ത്രി ഡിഎസ്എൽആർ ക്യാമറ പകര്‍ത്തി.
ചീറ്റപ്പുലികളെ എത്തിച്ച വിമാനത്തില്‍ വിദഗ്ധരുടെ ഒരു എട്ടംഗ സംഘവും ഉണ്ടായിരുന്നു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡീൻ പ്രൊഫ. വൈ വി ജാല, നമീബിയൻ ഗവൺമെന്റിന് വേണ്ടി പദ്ധതിക്ക് നേതൃത്വം നൽകിയ ചീറ്റ കൺസർവേഷൻ ഫണ്ടിന്റെ (സിസിഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ലോറി മാർക്കർ, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എന്‍ടിസിഎ) എന്നിവയുമായി പങ്കാളിത്തമുള്ള പ്രിട്ടോറിയ സർവകലാശാലയിലെ പ്രൊഫസർ അഡ്രിയാൻ ടോർഡിഫ്, രണ്ട് സിസിഎഫ് ടെക്നീഷ്യൻമാരും സിസിഎഫ് വെറ്ററിനറി ഡോക്ടർ അന്ന ബാസ്റ്റോ, ദക്ഷിണാഫ്രിക്കൻ ചീറ്റ വിദഗ്ധൻ വിൻസെന്റ് വാൻ ഡെർ വെർഫ്, ഡൽഹി മൃഗശാലയിലെ വെറ്ററിനറി വിദഗ്ധൻ ഡോ സാവന്ത് മുത്തി, നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രശാന്ത് അഗർവാള്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, എട്ട് ചീറ്റകൾക്ക് അവയുടെ നിശ്ചിത ഭക്ഷണക്രമം അനുസരിച്ച് എരുമയുടെ മാംസമായിരിക്കും നല്‍കുന്നത്. ക്വാറന്റൈൻ കാലത്ത് (ഒരു മാസം) മനുഷ്യരുമായി ഇടപഴകൽ കുറയ്ക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തും.
വിമാനത്തില്‍ ഓരോ മണിക്കൂര്‍ ഇടവിട്ടും ചീറ്റകളെ പരിശോധിച്ചതായി ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കവെ പ്രൊഫ. ജാല പറഞ്ഞു.
ഇന്ത്യയിലെത്തിച്ചു എന്നതല്ല, ഇനിയാണ് ശരിക്കുള്ള ജോലികള്‍ ആരംഭിക്കുന്നതെന്നും ജാല കൂട്ടിച്ചേര്‍ത്തു.
“അടുത്ത ഒരു മാസം ചീറ്റകള്‍ വ്യത്യസ്ത പ്രദേശങ്ങളിലായിരിക്കും ക്വാറന്റൈനില്‍ കഴിയുന്നത്. സഹോദരന്മാരായ ചീറ്റകള്‍ ഒരുമിച്ചാണുള്ളത്, സഹോദരിമാരായ ചീറ്റകള്‍ മറ്റൊരിടത്തും. മറ്റുള്ളവയെ ഒറ്റയ്ക്കാണ് വിട്ടിരിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.
“അവരെ ആരോഗ്യത്തോടെയും ജീവനോടെയും നിലനിർത്തുകയും ചെയ്യുക എന്നതാണ് യഥാർത്ഥ ജോലി. സാധാരണ ഇത്തരത്തില്‍ കൊണ്ടുവരുന്ന മൃഗങ്ങളുടെ മരണനിരക്ക് 20 ശതമാനമാണ്. എന്നാല്‍ നമ്മള് എത്തിച്ചവ സുരക്ഷിതമാണ്,” ജാല വ്യക്തമാക്കി.
അടുത്തയാഴ്ച മുതല്‍ ചീറ്റകളെ നിരീക്ഷിക്കാന്‍ ജാല കൂനൊ നാഷണല്‍ പാര്‍ക്കിലുണ്ടാകും.
ചീറ്റകളുടെ ആരോഗ്യം, വേട്ടയാടാനുള്ള കഴിവ് എന്നി പരിശോധിക്കുന്നതിന് പുറമെ ഇവരുടെ ജീവന് നിലനിര്‍ത്തുന്നതിന് രണ്ട് പ്രധാന വെല്ലുവിളികളാണ് ഉള്ളതെന്നും ജാല പറയുന്നു. ഒന്ന്, ചീറ്റകൾക്ക് ഇരപിടിക്കാനുള്ള അടിത്തറ ഉണ്ടാക്കുക. രണ്ട് അവ വേട്ടയാടുന്നില്ലെന്ന് ഉറപ്പാക്കുക.
“വേട്ടയാടുന്നതിനായി കൂനൊയില് കൂടുതല്‍ പ്രദേശമുണ്ട്, പ്രത്യേകിച്ച് സഹരിയ, മോഗിയ ഗോത്രങ്ങൾക്കിടയിൽ. ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മറ്റൊരു കാര്യം ക്യാപ്ചർ മയോപ്പതിയുടെ സാധ്യതയാണ്. ഇത് ഒരു വന്യമൃഗത്തെ എത്തിച്ചതിന് കുറച്ച് ദിവസത്തിനുള്ളിൽ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള രോഗാവസ്ഥയാണ്. ഈ സാഹചര്യത്തിൽ, ഉചിതമായ മെഡിക്കൽ ഇടപെടൽ നടത്തേണ്ടിവരും,” അദ്ദേഹം പറഞ്ഞു.
ക്യാപ്ചർ മയോപ്പതി എന്നത് ഉയർന്ന മരണനിരക്ക് ഉള്ള ഒരു രോഗാവസ്ഥയാണ്. ഇത് യാത്രയ്ക്കിടയില്‍ ഉണ്ടാകുന്ന ശാരീരിക സമ്മര്‍ദത്തിന്റെ ഫലമായില് ഉണ്ടാകുന്നതാണ്.