ചെന്നൈ: ജയലളിയുടെ മണ്ഡലമായ ആർ.കെ നഗർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാൻ നടൻ വിശാലിന്റെ അപ്രതീക്ഷിതമായ കടന്നുവരവോടെ തിരഞ്ഞെടുപ്പ് കൂടുതൽ വാശിയേറുമെന്നുറപ്പായി. തമിഴ് സിനിമാ ലോകത്ത് നിന്ന് രജനികാന്തോ കമൽഹാസനോ ആദ്യം രാഷ്ട്രീയത്തിലേക്കിറങ്ങുകയെന്ന് ഉറ്റു നോക്കിക്കൊണ്ടിരിക്കേയാണ് വിശാൽ അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലേക്കിറങ്ങിയത്.

”ആർ.കെ.നഗറിന്റെ ശബ്ദമാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ജനങ്ങളുടെ പ്രതിനിധിയായി പ്രവർത്തിക്കും. ഒരു മുഴുനീള രാഷ്ട്രീയക്കാരനായി തുടരില്ല. അങ്ങനെയൊരു ഉദ്ദേശ്യം എനിക്കില്ല. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പ്രചോദനമായത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമുവാണ്. ഇവർ രണ്ടുപേരുമാണ് എനിക്ക് മാതൃക. ഞാനിതുവരെ കേജ്‌രിവാളിനെ നേരിട്ട് കണ്ടിട്ടില്ല. അദ്ദേഹം ജനങ്ങളുടെ നേതാവാണ്. ഞാനൊരിക്കലും ഒരു രാഷ്ട്രീയക്കാരനായിരിക്കില്ല. എപ്പോഴും ഒരു സാധാരണക്കാരനായിരിക്കും ”- വിശാൽ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറി ജനറലുമായ വിശാല്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാമാപുരത്തുള്ള എം.ജി.ആറിന്‍റെ വസതിയിലും തുടര്‍ന്ന് മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധിയിലും സന്ദര്‍ശശനം നടത്തിയശേഷമാകും വിശാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയെന്നാണ് സൂചന. സ്വതന്ത്ര സ്ഥാനാർഥി ആയിട്ടായിരിക്കും വിശാൽ മൽസരിക്കുകയെന്നാണ് സൂചന.

മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആർ.കെ നഗര്‍ എന്ന രാധാകൃഷ്ണ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡിസംബര്‍ പതിനേഴിനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ടി.ടി.വി. ദിനകരനെയാണ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, പാര്‍ട്ടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി വന്‍ തോതില്‍ പണമൊഴുക്കുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ദിനകരനും ശശികലയും ജയലിലാവുകയും ചെയ്തു. ഇതിനുശേഷമാണ് ഡിസംബര്‍ 31നകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് മദ്രാസ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ