ന്യൂഡൽഹി: മൂന്നു വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഭരണത്തുടർച്ചയുമായി ബിജെപി. ത്രിപുരയിൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയ ബിജെപി, മേഘാലയയിലും നാഗാലാൻഡിലും സഖ്യ സർക്കാരിലൂടെ അധികാരം ഉറപ്പിച്ചു.
ത്രിപുരയിൽ ഇത്തവണ 32 സീറ്റ് നേടിയാണ് ബിജെപി ഭരണത്തുടർച്ച ഉറപ്പിച്ചത്. ഇടത്-കോൺഗ്രസ് സഖ്യം നിലംപരിശായി. ത്രിപുരയിൽ ഗോത്രവിഭാഗ പാർട്ടിയായ തിപ്ര മോത്ത 13 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായി. സഖ്യകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) യ്‌ക്കൊപ്പം കൈകോർത്ത് നാഗാലാൻഡിൽ ബിജെപി അധികാരം നിലനിർത്തി. മേഘാലയയിൽ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു. എൻപിപിയും ബിജെപിയും അഞ്ച് വർഷം ഒരുമിച്ച് സംസ്ഥാനം ഭരിച്ചെങ്കിലും, ഇത്തവണ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് മത്സരിച്ചത്. സഖ്യ സർക്കാർ രൂപീകരിക്കുമെന്ന് ഇരുപാർട്ടികളും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം അറിയിച്ചു.
2018 ലെ 36 സീറ്റിൽനിന്ന് ത്രിപുരയിൽ ബിജെപിയുടെ സീറ്റ് നില ഇത്തവണ 32 ആയി കുറഞ്ഞെങ്കിലും ജനങ്ങൾക്ക് പാർട്ടിയോടുള്ള സ്വീകാര്യതയ്ക്ക് കോട്ടം തട്ടിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങളിൽനിന്നും വ്യക്തം. എന്നാൽ, വോട്ട് വിഹിതം 43.59 ശതമാനത്തിൽ നിന്ന് 38.97 ശതമാനമായി കുറയുന്നത് പാർട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ ഗോത്രവിഭാഗ സഖ്യകക്ഷിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) ഒരു മണ്ഡലത്തിൽ മാത്രം വിജയിച്ചപ്പോൾ, 13 സീറ്റുകൾ നേടിയ തിപ്ര മോത്തയുടെ ഉദയവും ബിജെപിക്ക് ആശങ്കയുണ്ടാക്കാൻ സാധ്യതയുണ്ട്. ബിജെപിയുടെ ഏറ്റവും പ്രമുഖ ഗോത്രമുഖവും ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേവ് വർമ്മ ചാരിലാം മണ്ഡലത്തിൽ തിപ്ര മോത്ത എതിരാളിയായ സുബോധ് ദേബ് ബർമയോട് 858 വോട്ടുകൾക്ക് പരാജയപ്പെട്ടു.
ത്രിപുരയിൽ ഇടത്-കോൺഗ്രസ് സഖ്യം 14 സീറ്റുകളിലാണ് വിജയിച്ചത്. 2018ൽ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ സിപിഎം 16 സീറ്റുകൾ നേടിയപ്പോൾ, കോൺഗ്രസിന് അക്കൗണ്ട് തുറക്കാനായില്ല.
മേഘാലയയിൽ ഇത്തവണയും ആർക്കും കേവല ഭൂരിപക്ഷമില്ല. എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി) 26 സീറ്റുകൾ നേടി. നിലവിലുള്ള കൊൺറാഡ് മന്ത്രിസഭയിലെ പങ്കാളികളായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) 2018 ൽ നേടിയ ആറ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി, ഇത്തവണ 11 സീറ്റുകൾ നേടി. ഇത്തവണ എല്ലാ സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച ബിജെപി രണ്ടു സീറ്റിൽ മാത്രമാണ് വിജയിച്ചത്. സർക്കാർ രൂപീകരിക്കാൻ യുഡിപിയും ബിജെപിയും എൻപിപിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് സംസ്ഥാന വലിയ രീതിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെങ്കിലും പ്രതീക്ഷിച്ച പോലെ ഫലം കണ്ടില്ല. അഞ്ചു സീറ്റുകളിൽ മാത്രമാണ് പാർട്ടി വിജയിച്ചത്. പാർട്ടിയുടെ പ്രമുഖ നേതാവ് മുകുൾ സാങ്മ മത്സരിച്ച രണ്ട് സീറ്റുകളിലൊന്നിൽ പരാജയപ്പെടുകയും ചെയ്തു.
നാഗാലാൻഡിൽ എൻഡിപിപി-ബിജെപി സഖ്യം സീറ്റ് നില 29ൽ നിന്ന് 37 ആയി ഉയർത്തി. മറ്റ് പാർട്ടികളുടെ പിന്തുണ ആവശ്യമില്ലാതെ വീണ്ടും അധികാരം ഉറപ്പിച്ചു. തന്റെ മണ്ഡലമായ നോർത്തേൺ അംഗമി II ൽ നിന്ന് 92.78 ശതമാനം വോട്ട് വിഹിതത്തോടെ വിജയിച്ച നെയ്ഫ്യൂ റിയോ, അഞ്ചാം തവണയും മുഖ്യമന്ത്രി പദത്തിലെത്താൻ ഒരുങ്ങുകയാണ്. നാഗാലാൻഡിലെ ഏറ്റവും പഴക്കം ചെന്ന പാർട്ടിയായ എൻപിഎഫിന് ഇത്തവണ ലഭിച്ചത് 2 സീറ്റ് മാത്രമാണ് ലഭിച്ചത്. 20 സീറ്റുകളിൽ മത്സരിച്ച ബിജെപിക്ക് 12 സീറ്റുകളാണ് നേടാനായത്. വോട്ട് വിഹിതം 15.31 ശതമാനത്തിൽ നിന്ന് 18.8 ശതമാനമായി ഉയർന്നു.
നാഗാലാൻഡ് നിയമസഭയിൽ ആദ്യമായി വനിതാ എംഎൽഎമാർ എത്തുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. സൽഹൗതുവാനോ കർസ്, ഹെകാനി ജകാലു എന്നീ വനിതകളുടെ വിജയം ചരിത്രം തിരുത്തി.