ന്യൂഡെൽഹി: രാജ്യത്തെ ജനങ്ങൾ ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും മികച്ച വിജയത്തിന് പിന്നാലെ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് പ്രവർത്തകർ നൽകിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഇന്ത്യയുടെ ഉദയമാണ് ഈ തിരഞ്ഞെടുപ്പിൽ കണ്ടത്. ജനം വോട്ട് ചെയ്തത് വികസനത്തിനാണെന്നും വിജയത്തിൽ അഹങ്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ തിരഞ്ഞെടുപ്പു നടക്കുമ്പോഴൊക്കെ ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടുകയാണ്. റെക്കോർഡ് ഭേദിക്കുന്നതിൽ പാർട്ടി മികവു പുലർത്തുന്നു. പാർട്ടി അധ്യക്ഷൻ അമിത് ഷാ, ദേശീയ നേതൃത്വം, സംസ്ഥാന ഘടകം തുടങ്ങിയവയ്ക്കാണ് ഈ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണു ബിജെപി. തിരഞ്ഞെടുപ്പുകൾ വിജയിക്കുക എന്നതു വലിയ കാര്യമല്ല. അവ മാന്യമായും ജനാധിപത്യപരമായും വിജയിക്കുക എന്നതാണു പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യുഡെൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് അണികൾ നൽകിയത്. അഞ്ഞൂറ് മീറ്ററോളം ദൂരം റോഡിലൂടെ നടന്നാണ് മോദി പാർട്ടി ആസ്ഥാനത്ത് എത്തിയത്. വഴിയോരത്ത് കാത്തു നിന്ന പാർട്ടി പ്രവർത്തകർക്ക് അദ്ദേഹം അഭിവാദ്യമർപ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ