ന്യൂഡല്‍ഹി: രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ജഡ്ജിമാര്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുന്നത് തടഞ്ഞുകൊണ്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഹുൽ പ്രതികരണമറിയിച്ചത്.

ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ‘മാഡം മുഖ്യമന്ത്രി, പൂര്‍ണ ബഹുമാനത്തോടെ പറയട്ടെ, നാം ജീവിക്കുന്നത് 21-ാം നൂറ്റാണ്ടിലാണ്. ഇത് 2017 ആണ്. 1817 ല്‍ അല്ല’- രാഹുല്‍ ട്വീറ്റ് ചെയ്തു. 5400ല്‍ അധികം തവണയാണ് രാഹുലിന്റെ ട്വീറ്റ്, റീട്വീറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

അഴിമതി കേസുകളില്‍ അകപ്പെട്ട ജഡ്ജിമാര്‍ക്കോ, പൊതുപ്രവര്‍ത്തകര്‍ക്കോ എതിരെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ കോടതികള്‍ സ്വകാര്യ അന്യായങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നുണ്ട്.

അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി സര്‍ക്കാര്‍ വരുത്തിയാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ ആരോപണ വിധേയരുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ