Income Tax Return (ITR) Filing 2019-20 Last Date, List of documents, Late Filing Penalty, Status: 2019-20 വര്‍ഷത്തെ ആദായ നികുതി (ഐടിആര്‍) സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി, ആവശ്യമായ രേഖകളുടെ പട്ടിക, വൈകിയാല്‍ നല്‍കേണ്ട പിഴ: നികുതിദായകരുടെ ബുദ്ധിമുട്ട് മനസിലാക്കി, ദി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിറ്റി) കഴിഞ്ഞ ജൂലൈയില്‍ ആദായ നികുതി റിട്ടേണ്‍ പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. അതിന് രണ്ടു ദിവസം കൂടി ബാക്കി നില്‍ക്കെ ആദായനികുതി സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ എന്തൊക്കെ എന്ന് നോക്കാം.

Read Here: Filing Income Tax Returns: ആദായ നികുതി റിട്ടേൺ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫോം 16

ഉദ്യോഗസ്ഥരെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഫോം 16. സെക്ഷന്‍ 203 പ്രകാരം തൊഴിലുടമ തൊഴിലാളിക്ക് നല്‍കുന്ന സാക്ഷ്യപത്രമാണിത്. സ്രോതസില്‍ നിന്ന് നികുതി ഈടാക്കി സര്‍ക്കാരിലേയ്ക്ക് അടച്ചത് സംബന്ധിച്ച വിവരങ്ങളാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സാലറി സ്ലിപ്പ്

ശമ്പളക്കാരായ നികുതി ദായകര്‍ ആവരുടെ സാലറി സ്ലിപ്പും സമര്‍പ്പിക്കണം. വീട് വാടക, യാത്രാച്ചെലവിനുള്ള തുക തുടങ്ങിയ അലവന്‍സുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സാലറി സ്ലിപ്പിലുണ്ടാകും. വിവിധ അലവന്‍സുകള്‍ക്കുള്ള നികുതി തുകയിലും വ്യത്യാസമുണ്ടാകും.

ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസുകളില്‍ നിന്നും പലിശയുടെ സാക്ഷ്യപത്രം

സേവിങ്സ് അക്കൌണ്ട്, പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൌണ്ട്, സ്ഥിരം നിക്ഷേപങ്ങള്‍, റിക്കറിങ് ഡെപ്പോസിറ്റ്സ് എന്നിവയിലൂടെ ലഭിച്ച പലിശയുടെ വിവരങ്ങള്‍ സംബന്ധിച്ച് ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാക്ഷ്യപത്രം.

 

ഫോം 16എ, 16ബി, 16സി

ശമ്പളത്തിന് പുറമെയുള്ള ഏതെങ്കിലും തരത്തിലുള്ള വരുമാനം ഇന്‍കം ടാക്സ് നിയമപരിധിയില്‍ വരുന്നതാണെങ്കില്‍, അതിന്‍റെ നികുതി ഏതെങ്കിലും ബാങ്ക് ഈടാക്കിയിട്ടുണ്ടെങ്കില്‍, ബാങ്ക് ഫോം 16എ നല്‍കും.

നിങ്ങള്‍ ഒരു വസ്തു വില്‍ക്കുമ്പോള്‍ നികുതി തുക കിഴിച്ചാണ് വാങ്ങുന്നയാള്‍ പണം നല്‍കുന്നതെങ്കില്‍ ആ വ്യക്തി അതിനെ സാക്ഷ്യപ്പെടുത്തുന്നതാണ് ഫോം 16ബി.

നിങ്ങള്‍ ഒരു ഭൂവുടമയും നിങ്ങളുടെ ഭൂമിയില്‍ വാടകയ്ക്ക് താമസിക്കുന്ന വ്യക്തി നിങ്ങള്‍ക്ക് നല്‍കുന്ന വാടകയില്‍ നികുതി കുറച്ചാണ് തരുന്നതെങ്കില്‍ അത് സാക്ഷ്യപ്പെടുത്തുന്നതാണ് ഫോം 16സി.

ഫോം 26 എഎസ്

നിങ്ങളുടെ പാന്‍ കാര്‍ഡ് നമ്പറിലെ വിവരങ്ങളനുസരിച്ച് നിങ്ങള്‍ നല്‍കിയിട്ടുള്ള എല്ലാ നികുതികളുടെയും ഏകികൃതമായ നികുതി പ്രസ്താവനയാണ് ഫോം 26എഎസ്. ഇതില്‍ തൊഴിലുടമ വഴി നല്‍കിയ നികുതി, ബാങ്കുകള്‍ വഴി നല്‍കിയ നികുതി, അഡ്വാന്‍സ് ടാക്സ്, സെല്‍ഫ് അസസ്മെന്‍റ് ടാക്സ്, മറ്റ് സ്ഥാപനങ്ങള്‍ വഴി നല്‍കിയ നികുതികള്‍ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും. .

നികുതി കിഴിവ് ലഭിക്കുന്നതിനുള്ള നിക്ഷേപങ്ങളുടെ തെളിവുകള്‍

2018-19 സാമ്പത്തിക വർഷത്തിൽ, 80 സി, 80 സിസിസി, 80 സിസിഡി (1) എന്നീ വകുപ്പുകള്‍ പ്രകാരം നിങ്ങള്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളും ചെലവുകളും നിങ്ങള്‍ അടയ്ക്കേണ്ട നികുതിയില്‍ ഇളവ് വരുത്തിയേക്കാം. ഇതനുസരിച്ച് ഒരാൾക്ക് ലഭിക്കുന്ന പരമാവധി നികുതിയിളവ് ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം ആയിരിക്കും.

ഭവനവായ്പയുടെ രേഖ

ഭവനവായ്പയുടെ രേഖയില്‍ മൂലധനത്തിന്‍റെയും പലിശയുടെ വിവരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. ഭവനവായ്പയുടെ പലിശ കൃത്യമായ് അടയ്ക്കുന്നത് വഴി സെക്ഷന്‍ 24 അനുസരിച്ച് രണ്ട് ലക്ഷം വരെ നികുതിയില്‍ ഇളവ് ലഭിക്കും

80ഡി, 80യു വകുപ്പുകൾ പ്രകാരം ലഭിക്കുന്ന കിഴിവുകള്‍

80സിയുടെ പരിധിയില്‍ വരുന്ന, നികുതി ഒഴിവാക്കാന്‍ സഹായിക്കുന്ന നിക്ഷേപങ്ങള്‍ക്കും ചെലവുകള്‍ക്കും പുറമെ കിഴിവ് ലഭിക്കുന്ന മറ്റ് ചെലവുകളെക്കുറിച്ചാണ് ഈ വകുപ്പുകള്‍ പറയുന്നത്.

മൂലധനത്തില്‍ നിന്നുള്ള നേട്ടങ്ങള്‍

വസ്തുവില്‍പനയിലൂടെയോ, മ്യൂച്ചല്‍ ഫണ്ട് വഴിയോ മൂലധനം നേട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ ഐടിആര്‍ ഫയല്‍ ചെയ്യുമ്പോള്‍ അക്കാര്യം പരാമര്‍ശിക്കണം.

ആധാര്‍ കാര്‍ഡ്

ഭരണഘടനയിലെ 139എഎ വകുപ്പ് പ്രകാരം ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. ആധാര്‍ കാര്‍ഡ് അപേക്ഷിച്ചിരിക്കുകയാണെങ്കില്‍, അപേക്ഷയുടെ വിശദാംശങ്ങള്‍ നല്‍കണം.

Pay day rush: branches resort to rationing; ATMs still dry

പിഴ

അവസാന തീയതി വരെ ഐടിആര്‍ ഫയല്‍ ചെയ്യാത്തവര്‍ പിഴ നല്‍കേണ്ടി വരും. 2017 മുതലാണ് വൈകി ഐടിആര്‍ സമര്‍പ്പിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പിഴ ഈടാക്കി തുടങ്ങിയത്. അടുത്ത വര്‍ഷം മാര്‍ച്ച് വരെ പിഴയോടെ നിങ്ങള്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യാനാകും.

പണം തിരികെ ലഭിക്കുന്ന സാഹചര്യങ്ങള്‍

സെക്ഷൻ 80 സി, 80 യു എന്നിവയിലെ കിഴിവുകള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ വാർഷിക വരുമാനം 2,50,000 രൂപയിൽ കൂടുതലാണെങ്കിൽ നിങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഈ വകുപ്പുകളനുസരിച്ച് കിഴിവ് നടത്തിയതിനു ശേഷം നിങ്ങള്‍ അധികമായ് നല്‍കി നികുതി തുക തിരികെ നല്‍കാന്‍ ആവശ്യപ്പെടാവുന്നതാണ്.

തിരികെ നല്‍കുന്ന തുക ആദായനികുതിവകുപ്പ് നികുതിദായകരുടെ ബാങ്ക് അക്കൌണ്ടിലേക്ക് ഇ-മോഡ് വഴി നല്‍കും. പക്ഷേ, ബാങ്ക് അക്കൌണ്ട് പാന്‍ കാര്‍ഡുമായ് ബന്ധിപ്പിച്ചിരിക്കണം. 2019 മാര്‍ച്ച് ഒന്ന് മുതല്‍ ഇ-റീഫണ്ടുകൾ മാത്രമേ അനുവദിക്കൂ എന്ന് ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.

ബാങ്ക് അക്കൌണ്ട് വഴിയോ അല്ലെങ്കില്‍ ചെക്ക് വഴിയോ നികുതിദായകര്‍ ഏത് വിഭാഗത്തിലുളളവരാണ് എന്നതിനെ അനുസരിച്ചായിരുന്നു ഇതുവരെ ആദായനികുതി വകുപ്പ് തുക മടക്കി നല്‍കിയിരുന്നത്

റീഫണ്ട് നല്‍കുന്നതിന് മുന്‍പുള്ള ഇ-വേരിഫിക്കേഷന് പൊതുവെ 20-45വരെ ദിവസങ്ങളാണ് വേണ്ടി വരുന്നത്.

ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നവർ പാൻ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നത് അടുത്തിടെ കര്‍ശനമാക്കിയിട്ടുണ്ട്. മാര്‍ച്ച് 31നകം ഇത് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം.

Read Here: Income Tax Slabs and Rates 2019-20: ആദായനികുതി ഇളവ്: അറിയേണ്ടതെല്ലാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook