റോം: ആഗോള തലത്തിൽ കൊറോണ വൈറസ് ബാധിച്ച് മരണ 3,285 ആയി. ആഗോളതലത്തിലുള്ള രോഗവ്യാപനം ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ സർക്കാരുകളെ ആശങ്കയിലാക്കുകയാണ്. ഇതുവരെ 95,481 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ തന്നെയാണ്. ഇറ്റലി, ഇറാൻ, അമേരിക്ക എന്നിവിടങ്ങളിലും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറ്റലിയിൽ വൈറസ് ബാധിച്ച് 107 പേർ മരിച്ചു. ഇതുവരെ 3,089 പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രൊഫഷണൽ ഫുട്ബോൾ മത്സരങ്ങളും മറ്റ് വലിയ കായിക മത്സരങ്ങളും ഏപ്രിൽ മൂന്ന് വരെ ആരാധകർ ഇല്ലാതെ നടത്തുമന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ പറഞ്ഞു. വൈറസ് വീണ്ടും പടരില്ലെന്ന പ്രതീക്ഷയിൽ സർക്കാർ പുറപ്പെടുവിച്ച പുതിയ ഉത്തരവിന്റെ ഭാഗമായാണ് പ്രതിരോധ നടപടി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പത്ത് ദിവസത്തേക്ക് അടച്ചിടാനും സർക്കാർ ഉത്തരവിറക്കി.
Read More: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 28 ആയെന്ന് കേന്ദ്ര സർക്കാർ
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ രണ്ടാമത്തെ കൊറോണ വൈറസ് മരണം റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം സ്റ്റേറ്റ് വാർത്താ ഏജൻസി പ്രസിദ്ധീകരിച്ചു. രോഗിക്ക് നിരവധി രോഗങ്ങളുണ്ടായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
അമേരിക്കയിൽ കാലിഫോർണിയയിലും വൈറസ് ബാധയേറ്റ് ഒരാൾ മരിച്ചു. അമേരിക്കയിലാകെ 149 പേർക്ക് രോഗം സ്ഥിരീച്ചു. 10 പേർ ഇതിനോടകം മരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.
ദുബായ് ഇന്ത്യന്‍ സ്കൂളിലെ 16 വയസ്സുള്ള വിദ്യാര്‍ത്ഥിനിയ്ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. വിദേശയാത്ര നടത്തിയ കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്ന് കരുതുന്നു. ദുബായില്‍ തിരിച്ചെത്തി അഞ്ച് ദിവസത്തിന് ശേഷമാണ് മാതാപിതാക്കളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. മൂന്ന് പേരുടേയും നില സുരക്ഷിതമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 15 പേർ ഇറ്റാലിയൻ വിനോദസഞ്ചാരികളാണ്. വൈറസിനെക്കുറിച്ചുളള അവബോധം വ്യാപിപ്പിക്കുന്നതിന് സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, പക്ഷേ ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന് മന്ത്രി പറഞ്ഞിരുന്നു.
അതേസമയം, രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അറിയിച്ചു. വൈറസ് പടരുന്ന സാഹചര്യത്തിൽ വലിയ ജനക്കൂട്ടം പങ്കെടുക്കുന്ന പരിപാടികൾ കുറയ്ക്കണമെന്ന് വിദഗ്ധരുടെ നിർദേശമുണ്ട്. അതിനാൽ ഇത്തവണത്തെ ഹോളി ആഘോഷങ്ങളിൽ താൻ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തു. ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ജനങ്ങൾ പരിഭ്രാന്തരാവരുതെന്ന് മോദി ആവശ്യപ്പെട്ടിരുന്നു.