ന്യൂഡൽഹി: കടൽക്കൊല കേസുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുടെ നിലപാട് അറിഞ്ഞ ശേഷം മാത്രമേ കേസ് തീർപ്പാക്കാനാവൂ എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ച് വ്യക്തമാക്കി. കേസിന്റെ വിചാരണ ഇറ്റലിയില്‍ നടത്തണമെന്ന രാജ്യാന്തര ട്രിബ്യൂണല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ വിചാരണാ നടപടികൾ അവസാനിപ്പിക്കാനാവശ്യപ്പെട്ടാണ് കേന്ദ്രസർക്കാർ ഹർജി നൽകിയത്.

കേസില്‍ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളെ കക്ഷിയാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളെ കക്ഷി ചേർത്ത് പുതിയ ഹരജി സമർപിക്കാൻ കോടതി കേന്ദ്രസർക്കാരിന് ഒരാഴ്ച സമയപരിധി നൽകിയിട്ടുണ്ട്.

Read More: കേസ് വിവരങ്ങള്‍ ആരും അറിയിക്കാറില്ല; ഇറ്റാലിയന്‍ നാവികര്‍ക്ക് മാപ്പ് നല്‍കി വാലന്റൈനിന്റെ കുടുംബം

നാവികരെ വിചാരണ ചെയ്യുമെന്ന് ഇറ്റലി ഇന്ത്യൻ സർക്കാരിന് ഉറപ്പ് നൽകിയതായി സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത ജസ്റ്റിസുമാരായ എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചിനെ ബോധിപ്പിച്ചു. ഇരകളുടെ കുടുംബാംഗങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുന്ന കാര്യം ഉറപ്പാക്കണണെന്ന് കോടതി ചൂണ്ടിക്കാണിച്ചപ്പോൾ അവർക്ക് പരമാവധി നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്രം ഉറപ്പാക്കുമെന്നും മേത്ത പറഞ്ഞു.

ഈ നാവികരെ പ്രോസിക്യൂട്ട് ചെയ്യാൻ ഇറ്റലി സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നതായും ഇരകളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന വിഷയമാണ് കോടതി പരിഗണിക്കുന്നതെന്നും ബഞ്ച് വ്യക്തമാക്കി.

ഇറ്റാലിയൻ നാവികർക്കെതിരായ കേസ് പ്രത്യേക കോടതിയുടെ പരിഗണനയിലാണിരിക്കുന്നത്. കേസ് അവസാനിപ്പിക്കുന്നതിന് എന്തുകൊണ്ടാണ് വിചാരണ കോടതിയെ കേന്ദ്ര സര്‍ക്കാര്‍ സമീപിക്കാത്തതെന്ന് സുപ്രീം കോടതി ആരാഞ്ഞു.

Read More: രാജമലയിൽ മരണസംഖ്യ ഉയരുന്നു; മീനച്ചിലാറ്റിൽ കുതിച്ചുയർന്ന് ജലനിരപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ

വിചാരണ കോടതിയിലെ നടപടികളില്‍ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കക്ഷികളാണ്. അവര്‍ക്ക് അവിടെ നിലപാട് അറിയിക്കാന്‍ കഴിയും. എന്നാല്‍ സുപ്രീം കോടതിയിലെ കേസില്‍ അവര്‍ കക്ഷികള്‍ അല്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

പ്രത്യേക കോടതി നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരുന്നതായി സുപ്രീം കോടതി നേരത്തേ അറിയിച്ചിരുന്നുവെന്ന് തുഷാർ മെഹ്ത മറുപടി നൽകി.

ഇരകളുടെ കുടുംബത്തിന്റെ വാദം കേൾക്കാതെ ഒരു ഉത്തരവും പുറപ്പെടുവിക്കില്ലെന്നും അപേക്ഷയിൽ ഇരകളുടെ കുടുംബാംഗങ്ങളെ കക്ഷികളായി ഉൾപ്പെടുത്തണണെന്നും കോടതി വ്യക്താമാക്കി.

ജൂലൈ 3 നാണ് കേസ് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ ഇന്ത്യക്ക് നഷ്ടപരിഹാരം നേടിയെടുക്കാൻ അധികാരമുണ്ടെന്നും എന്നാൽ വിചാരണ ഇറ്റലിയിൽ നടത്തണമെന്നും ഹേഗിലെ അന്താരാഷ്ട്ര തർക്ക പരിഹാര കോടതി ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു നടപടി.

2012 ഫെബ്രുവരിയിലാണ് വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടത്. ഇറ്റാലിയൻ നാവികരായ മാസിമിലിയാനോ ലാറ്റോറെ, സാൽവറ്റോറെ ജിറോൺ എന്നിവർക്കെതിരേയാണ് കേസ്.

Read More: Italian marines case: Won’t pass any order without hearing victims’ kin, SC says as Centre moves closure plea

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook