റോം: സ്ത്രീകള്‍ നിലവിളിക്കാത്തതാണ് ബലാത്സംഗത്തിന് കാരണമെന്ന നിരീക്ഷണവുമായി ഇറ്റാലിയന്‍ കോടതി. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ അന്‍സ (എ.എന്‍.എസ്.എ)യുടേതാണ് റിപ്പോര്‍ട്ട്. ബലാത്സംഗക്കേസ് പ്രതിയെ വെറുതെ വിട്ടു കൊണ്ടാണ് കോടതിയുടെ വിവാദ പരാമര്‍ശം.

കോടതി വിധിയെ തുടര്‍ന്ന് സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് നീതിന്യായ വകുപ്പ് മന്ത്രി ആന്‍ഡ്രു ഒര്‍ലാന്റോ ഉത്തരവിട്ടിട്ടുണ്ട്. സഹപ്രവര്‍ത്തകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി നിലവിളിക്കുകയോ സഹായത്തിനായി ഒച്ചയുണ്ടാക്കുകയോ ചെയ്തില്ലെന്ന് പറഞ്ഞ കോടതി ലൈംഗിക ആകര്‍ഷണം തോന്നുന്ന തരത്തില്‍ സഹപ്രവര്‍ത്തകനോട് സംസാരിച്ചുവെന്നും നിരീക്ഷിച്ചു.

‘മതി’ എന്ന വാക്ക് മാത്രമാണ് ബലാത്സംഗം ചെയ്യുമ്പോള്‍ യുവതി പ്രതികരണമായി പറഞ്ഞതെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ നിലവിളിക്കുകയോ സഹായത്തിനായി അഭ്യര്‍ത്ഥിക്കുകയോ ചെയ്തില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് യുവതിയെ ആക്രമിച്ചയാള്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്.

കോടതി പരാമര്‍ശത്തിനിടെ ഇറ്റലിയില്‍ വിവിധ വനിത സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ എന്ത് തരത്തിലാണ് പ്രതികരിക്കേണ്ടതെന്ന് കോടതി പറയുന്നത് അപഹാസ്യമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. പീഡിപ്പിക്കപ്പെട്ട സ്ത്രീയെ അധിക്ഷേപിക്കുകയാണ് കോടതി ചെയ്തതെന്ന് ആരോപിച്ച് ടുറീനില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ