scorecardresearch

കോണ്‍ഗ്രസിനെ നയിക്കാന്‍ ഗാന്ധി-നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത നേതാവിന് ബുദ്ധിമുട്ടാണ്: അധിര്‍ ചൗധരി

വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷയായി വരുന്നതിനോട് സോണിയ ഗാന്ധിക്ക് യോജിപ്പില്ലായിരുന്നു എന്ന് അധിർ രഞ്ജന്‍ ചൗധരി

കോണ്‍ഗ്രസിനെ നയിക്കാന്‍ ഗാന്ധി-നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത നേതാവിന് ബുദ്ധിമുട്ടാണ്: അധിര്‍ ചൗധരി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ ഗാന്ധി-നെഹ്‌റു കുടുംബത്തില്‍ നിന്നല്ലാത്ത ഒരു നേതാവിന് ഏറെ ബുദ്ധിമുട്ടായിരിക്കും എന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അധിര്‍ ചൗധരിയുടെ പരാമര്‍ശം. പ്രാദേശിക പാര്‍ട്ടികള്‍ ദുര്‍ബലമാകുന്നതാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കാരണമാകുക എന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇപ്പോള്‍ മുന്നോട്ട് പോകുന്നത് രണ്ട് വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളിലൂടെയാണെന്നും കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് പറഞ്ഞു.

പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവരുടെ പ്രാധാന്യം നഷ്ടപ്പെടും. ഇത് രണ്ട് വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളിലൂടെ രാജ്യം നയിക്കപ്പെടാന്‍ കാരണമാകും. അങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസിന് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കുന്ന സ്ഥിതിവിശേഷണം വരുമെന്നും അധിര്‍ ചൗധരി പറഞ്ഞു.

Read Also: ‘പാർട്ടി നടപടിയാണ് ശരി; എന്റെ ആളുകളുടെ പ്രശ്നം കേരളം അറിഞ്ഞതിൽ സന്തോഷം’

“പ്രാദേശിക പാര്‍ട്ടികള്‍ക്ക് വരും കാലങ്ങളില്‍ അവരുടെ പ്രാധാന്യം നഷ്ടപ്പെടും. അവര്‍ക്ക് ആശയങ്ങളും നിലപാടുകളും കുറവാണ്. കോണ്‍ഗ്രസിന് ലഭിക്കുന്ന പിന്തുണ ഇപ്പോള്‍ ഉള്ള പ്രാദേശിക പാര്‍ട്ടികള്‍ക്കില്ല. കോണ്‍ഗ്രസിന്റെ ഭാവി ശോഭനമാണ്. ഞങ്ങള്‍ അധികാരത്തിലേക്ക് തിരിച്ചെത്തുക തന്നെ ചെയ്യും” – അധിര്‍ ചൗധരി പറഞ്ഞു.

വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷയായി വരുന്നതിനോട് സോണിയ ഗാന്ധിക്ക് യോജിപ്പില്ലായിരുന്നു. എന്നാല്‍, പ്രതിസന്ധി ഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം സോണിയ ഗാന്ധി ഏറ്റെടുക്കുകയാണ് ചെയ്തതെന്ന് അധിര്‍ ചൗധരി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ സോണിയ ഗാന്ധിയായിരുന്നു കോണ്‍ഗ്രസിനെ നയിച്ചത്. 2004 ലും 2009 ലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് സോണിയ ഗാന്ധിയുടെ നേതൃത്വ മികവുകൊണ്ടാണെന്നും അധിര്‍ ചൗധരി കൂട്ടിച്ചേര്‍ത്തു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: It will tough for an outsider to lead congress unless from gandhi nehru family