ബെയ്ജിങ്: കോവിഡ് -19, പനി പോലുള്ള കാലാനുസൃതമായ അണുബാധയായി മാറുമെന്ന് ചൈനീസ് മുൻനിര ശാസ്ത്രജ്ഞർ. ഈ വൈറസിനെ പൂർണമായും ലോകത്തു നിന്ന് തുടച്ച് നീക്കാൻ സാധിക്കില്ലെന്നും ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

കൊറോണ വൈറസില്‍ നിന്നും വന്ന സാര്‍സ് രോഗത്തെ പോലെ ഈ രോഗത്തെ തുടച്ചു നീക്കാന്‍ പറ്റില്ലെന്നാണ് മറ്റൊരു വിഭാഗം ശാസ്ത്രജ്ഞർ പറയുന്നത്. സാര്‍സ് രോഗത്തിന്റെ കാര്യത്തില്‍ രോഗം പിടിപെടുന്നയാളുടെ ആരോഗ്യസ്ഥിതി മോശമാവും. ഇവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ ഈ രോഗബാധ തടയാം. എന്നാല്‍ കോവിഡില്‍ വൈറസ് ബാധയേറ്റയാള്‍ക്ക് രോഗ ലക്ഷണം കാണിക്കണമെന്നില്ല എന്നതാണ് ഇതിനെ സങ്കീർണമാക്കുന്നത്.

Read More: Covid-19 Live Updates: രാജ്യത്ത് കോവിഡ് മരണം 1000 കടന്നു

ചൈനയില്‍ കഴിഞ്ഞ ദിവസങ്ങളിലുള്‍പ്പടെ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. “ഇത് മനുഷ്യരിൽ വളരെക്കാലം നിലനില്‍ക്കുന്നതും കാലാനുസൃതവും മനുഷ്യ ശരീരങ്ങളില്‍ നിലനില്‍ക്കുന്നതുമായ ഒരു പകര്‍ച്ച വ്യാധിയാവാന്‍ സാധ്യതയുണ്ട്,” ചൈനീസ് അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞന്‍ ജിന്‍ ഖ്വി പറഞ്ഞു. ഈ അക്കാദമിയിലെ പകര്‍ച്ച രോഗ വിഭാഗം ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടറാണ് ഇദ്ദേഹം.

ഓരോ രാജ്യങ്ങളിലെയും ഭൂഖണ്ഡങ്ങളിലെയും കാലാവസ്ഥ മാറുന്നതിനനുസരിച്ച് കോവിഡ് വ്യാപനം നടക്കാനിടയുണ്ടെന്ന് അമേരിക്കയിലെ പകര്‍ച്ച രോഗ വിദ്ഗധന്‍ ആന്തോണി ഫൗസിയടക്കമുള്ളവര്‍ പറഞ്ഞിരുന്നു.

ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. ലോകവ്യാപകമായി 31,37,761 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,17,948 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 9,55,695 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.

അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 10,35,765ആയി. 59,266 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 1,42,238 പേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ രോഗമുക്തി നേടാനായത്.

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ മരണസംഖ്യ 1,007 ആയി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 31,332 ആയി. 7,695 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 11,106 ആയി. മരണസംഖ്യ 400 കടന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook